സ്വന്തം ജനതയെ കൊല്ലാന്‍ മടിയില്ലാത്തവനാണ് കിം ജോങ്: ഉത്തര കൊറിയക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്

കിം ജോങ് ഉന്‍, ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയെ തൊട്ടുകളിച്ചാല്‍ ഉത്തരകൊറിയയെ പൂര്‍ണ്ണമായും തകര്‍ത്തു കളയുമെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും ഉത്തര കൊറിയക്കെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്. ‘സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും വരെ മടിയില്ലാത്ത ഭ്രാന്തനായ നേതാവാണ് ഉത്തരകൊറിയയുടെ കിം ജോങ് ഉന്‍. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ പരീക്ഷ അദ്ദേഹം നേരിടേണ്ടി വരുമെന്ന്’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഉത്തരകൊറിയയെ തകര്‍ത്തു കളയുമെന്ന ട്രംപിന്റെ ആദ്യത്തെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ട്രംപ് പുതിയ ഹിറ്റ്‌ലറാണെന്നും ലോകത്തിന്റെ മുഴുവന്‍ ഉടമയാണെന്ന് ട്രംപ് കരുതുന്നുമെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

അതേസമയം ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ച് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഭീഷണി പട്ടി കുരക്കുന്നതിന് തുല്യമാണെന്നും അത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു റിയോങ് ഹോ യുടെ പ്രതികരണം. ഇങ്ങനെ ആരെങ്കിലും വാചകമടിക്കുന്നത് കേട്ടാലുടന്‍ ഭയപ്പെടുന്നവരല്ല ഉത്തര കൊറിയ എന്നും റിയോങ് ഹോ വ്യക്തമാക്കി.

മാനസിക വിഭ്രാന്തിയുള്ള ട്രംപിന്റെ ഭീഷണിക്ക് രാജ്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രസിഡന്റെ് കിം ജോങ് ഉന്നും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി ട്രംപ് എത്തിയിരിക്കുന്നത്. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് വാദ പ്രതിവാദങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയ കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top