നാളെ ‘ലോകാവസാനം’; പ്രവചനം ഫലിക്കാന്‍ വിദൂര സാധ്യത പോലുമില്ലെന്ന് ശാസ്ത്ര ലോകം

ലോകം ഇന്നവസാനിക്കും, നാളെ അവസാനിക്കും എന്നിങ്ങനെ ദിവസം തോറും പുതിയ പ്രവചനങ്ങള്‍ വരാറുണ്ട്. പ്രവചനങ്ങളൊന്നും ഫലിക്കാതായപ്പോള്‍ എല്ലാവരും ഇതിനെ ഒരു തമാശയായാണ് കാണുന്നത്. ഇനി യഥാര്‍ഥത്തില്‍ ലോകം അവസാനിക്കും എന്ന് പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍.

സെപ്തംബര്‍ 23 ന് അതായത് നാളെ ലോകം അവസാനിക്കും എന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പുതിയ ലോകാവസാന ദിനം. എന്നാല്‍ ഇതും സംഭവിക്കാന്‍ പോകുന്നില്ല എന്ന പ്രതികരണവുമായി ശാസ്ത്രലോകം രംഗത്തെത്തി.

2017 സെപ്തംമ്പര്‍ 23 ന് ഒരു ഗ്രഹത്തിന്റെ ശക്തമായ വായു പ്രകമ്പനത്തിന് ഭൂമി ഇരയാകുമെന്നും ഈ പ്രകമ്പനത്തില്‍ കടല്‍ ജലം ആകാശത്തോളം ഉയരുമെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. ഭൂമിയുടെ അടിത്തട്ടുവരെ ഇതുമൂലം കീഴ്‌മേല്‍ മറിയും. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വെള്ളത്തോടൊപ്പം അപ്രത്യക്ഷമാകും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

ഈ പ്രവചനം തെറ്റാണെന്ന് കണ്ടെത്തിയപ്പോള്‍ മറ്റൊരു വിഭാഗം അടുത്ത കാരണവും കണ്ടു പിടിച്ച്‌ രംഗത്തെത്തി. ഇത്തവണ ‘നിബിറു’ എന്ന ഗ്രഹമാണ് ഭൂമിയുടെ വില്ലനായി മാറിയത്. സെപ്തംമ്പര്‍ 23 ന് തന്നെ നിബുറു വന്ന് ഭൂമിയില്‍ ഇടിക്കുമെന്നും ഭൂമി ഇല്ലാതാവുമെന്നും ഇവരുടെ കണ്ടെത്തലില്‍ പറയുന്നു.

1970 ലാണ് ആദ്യമായി നിബുറുവിനെ ഭൂമിയുടെ ശത്രുവായി പ്രഖ്യാപിക്കുന്നത്. ബൈബിളിനെ കൂട്ടുപിടിച്ചായിരുന്നു നിബുറു ഭൂമിയെ നശിപ്പിക്കും എന്ന പ്രവചനങ്ങള്‍ ഉണ്ടായത്. എന്നാല്‍ പിന്നീട് കുറെക്കാലം നിബുറുവിന് വിശ്രമ കാലമായിരുന്നു. 2003 ലാണ് വീണ്ടും നിബുറു വരും ഇപ്പോള്‍ ഭൂമി ഇല്ലാതാകും എന്ന വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ 2003 ലും നിബുറു വന്നില്ല. പ്രപഞ്ച ശക്തികള്‍ ഈ ഗ്രഹത്തെ തടഞ്ഞു എന്നതായിരുന്നു അന്നത്തെ കണ്ടെത്തല്‍.

ലോകാവസാന പ്രവചനങ്ങള്‍ വേണ്ട വിധത്തില്‍ ഫലിക്കുന്നില്ല എന്നു കണ്ട പ്രവചകര്‍ പിന്നീട് രണ്ടു മൂന്നു വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. 2003 ലേതു കഴിഞ്ഞ് പിന്നെ 2012 ലായിരുന്നു അടുത്ത ലോകാവസാനം. അന്നും ഭൂമിക്ക് ഒന്നും സംഭവിച്ചില്ല. നാളെയും ഇതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. പ്രവചനങ്ങളെ മറികടന്ന് നാളത്തെ ദിവസവും കടന്നു പോകും. പിന്നെ അടുത്ത ‘ലോകാവസാനത്തിനായി’ നമുക്ക് കാത്തിരിക്കാം.

DONT MISS
Top