ശരീരത്തിന് വെളിയില്‍ ഹൃദയവുമായി വിര്‍സാവിയ; സ്വന്തം ഹൃദയമിടിപ്പ് നേരില്‍ക്കണ്ട് ഒരു എട്ടുവയസുകാരി (വീഡിയോ)

ശരീരത്തിന് വെളിയില്‍ ഹൃദയവുമായി ജനിച്ച റഷ്യന്‍ സ്വദേശിനിയായ വിര്‍സാവിയ ബാരുണ്‍ എന്ന പെണ്‍കുട്ടി ഒരു കൗതുകമാവുകയാണ്. ഇപ്പോള്‍ എട്ടുവയസുണ്ട് വിര്‍സാവിയയ്ക്ക്.

പെന്റളോജി ഓഫ് കാന്‍ട്രല്‍ എന്ന രോഗാവസ്ഥയാണ് വിര്‍സാവിയ നേരിടുന്നത്. ഹൃദയവും കുടലുകളും ശരീരത്തിന് വെളിയില്‍ സ്ഥിതിചെയ്യുന്ന അവസ്ഥയാണിത്. ഒരു മില്യണ്‍ നവജാത ശിശുക്കളില്‍ 5.5 ശിശുക്കളില്‍ മാത്രം കാണപ്പെടുന്ന രോഗാവസ്ഥ. ആ ആഞ്ചര ശിശുക്കളില്‍ ഒന്നായി മാറിപ്പോയി വിര്‍സാവിയ എന്ന സുന്ദരിക്കുട്ടിയും. ജീവന്‍ തന്നെ അപകടത്തിലാകാവുന്ന ഗുരുതര സ്ഥിതി വിശേഷമാണിത്.

എന്നാല്‍ അതിന്റെ വിഷമമൊന്നും വിര്‍സാവിയയ്ക്ക് ഇല്ല. വിര്‍സാവിയയുടെ ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയത്തിന്റെ വീഡിയോ ഇപ്പോള്‍ യൂ ട്യൂബില്‍ തരംഗമായിരിക്കുകയാണ്. വളരെ സന്തോഷവതിയായിട്ടാണ് വീഡിയോയില്‍ വിര്‍സാവിയയെ കാണുന്നത്. ഇത് എന്റെ ഹൃദയം. ഇങ്ങനെയുള്ള ഒരേയൊരു വ്യക്തിയാണ് ഞാന്‍. വളരെ സോഫ്റ്റ് ആയിട്ടുള്ള വസ്ത്രങ്ങള്‍ മാത്രമേ ഞാന്‍ ധരിക്കാറുള്ളൂ. ഹൃദയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. ഞാന്‍ നടക്കാറുണ്ട്. ചാടും ഓടും. അന്താരാഷ്ട്ര മാധ്യമമായ ബിബിസി തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയില്‍ വിര്‍സാവിയ ഇങ്ങനെ പറയുന്നു.

വിര്‍സാവിയ അധികകാലം ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ മാതാവിനോട് പറഞ്ഞത്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സന്തോഷവതിയായി, മിടുക്കിയായി വിര്‍സാവിയ ഉണ്ട്. റഷ്യയില്‍ ജനിച്ച വിര്‍സാവിയ ചികിത്സാര്‍ത്ഥം പിന്നീട് ഫ്‌ലോറിഡയിലേക്ക് താമസം മാറ്റുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ കാണിച്ചെങ്കിലും ഡോക്ടര്‍മാരാരും ശസ്ത്രക്രിയയ്ക്ക് തയ്യാറായിട്ടില്ല. ശസ്ത്രക്രിയയിലുള്ള സങ്കീര്‍ണത കണക്കിലെടുത്താണിത്.

എങ്കിലും ഈ അമ്മ പ്രതീക്ഷ കൈവിടുന്നില്ല. തന്റെ മകള്‍ക്ക് ആവശ്യമായ ചികിത്സ ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരുദിനം വന്നുചേരുമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയാണ് ഈ അമ്മ.

DONT MISS
Top