വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന് പഠനം

വിഷാദ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. വിഷാദ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മുപ്പത്തിമൂന്നു ശതമാനം അതിക സാധ്യതയാണ് മരുന്ന് ഉപയോഗിക്കുന്നവര്‍ക്കുള്ളത്.

വിഷാദ രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പഠനത്തിന് വിധേയമാക്കിയവരില്‍ പതിനാല് ശതമാനത്തോളം വരുന്ന രോഗികളുടെ ഹൃദയത്തെയും രക്തധമനികളെയും ഗുരുതര രോഗങ്ങള്‍ ബാധിച്ചിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ തലച്ചോറിലെ സെറാടോണിനെ കാര്യമായി ബാധിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം മരുന്നുകളുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയവയില്‍ രക്ത പ്രവാഹത്തിലൂടെ സെറാടോണിന്റെ അഭാവമുണ്ടാകുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.

“വിഷാദ രോഗികളില്‍ പലപ്പോഴും ആത്മഹത്യാ പ്രവണത കണ്ടു വരാറുണ്ട്. ഇതിനുള്ള മരുന്നുകള്‍ കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍ കഴിക്കുന്ന മരുന്നുകള്‍ കുറച്ചു കൊണ്ടു വരുന്നതാണ് നല്ലതെന്ന്” കാനഡയിലെ ഒന്റാറിയോ മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ ആന്‍ഡ്രൂസ് പറഞ്ഞു. പഠനത്തിന്റെ പൂര്‍ണ്ണരൂപം സൈക്കോതെറാപ്പി ആന്റ് സൈക്കോസോമറ്റീസ് എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

DONT MISS
Top