പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ബലാത്സംഗം ചെയ്തു; ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി; പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ സികര്‍ ജില്ലയിലാണ് സംഭവം. ജനത ബാല്‍ നികേതന്‍ സ്‌കൂളിലെ ഡയറക്ടര്‍ ജഗദീഷും അധ്യാപകന്‍ ജഗത് സിങുമാണ് പതിനെട്ടുകാരിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇരുവരും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. രക്തസ്രാവം നിലയ്ക്കാത്തതിനെത്തുര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

അമിത രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോവാണ് ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം മാതാപിതാക്കള്‍ പോലും അറിയുന്നത്. സ്‌കൂള്‍ ഡയറക്ടറും അധ്യാപകനുമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി തുറന്നു സമ്മതിക്കുകയായിരുന്നു. ക്ലാസില്ലാതിരുന്ന പിരീഡായിരുന്നു ഇരുവരും പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

ഗര്‍ഭിണിയായ വിവരം ഡയറക്ടറോടും അധ്യാപകനോടും പറഞ്ഞു. ഇക്കാര്യം പുറത്തു പറയരുതെന്നും ഗര്‍ഭച്ഛിദ്രം നടത്താമെന്നും അവര്‍ പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞെങ്കിലും അവര്‍ അതിന് നിര്‍ബന്ധിച്ചു. ഷഹ്പുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബോര്‍ഷന്‍ നടത്തിയത്. അതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു.

വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിക്ക് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടു. മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന അജീത്ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അജീത്ഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡയറക്ടര്‍ക്കും അധ്യാപകനും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.

DONT MISS
Top