വ്യാജപ്രചരണം തള്ളി അന്‍സിബ; താന്‍ വിവാഹം കഴിച്ചിട്ടില്ല, വാര്‍ത്ത എന്തടിസ്ഥാനത്തിലെന്ന് അറിയില്ലെന്നും താരം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം

താന്‍ വിവാഹിതയായി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി അന്‍സിബ ഹസ്സന്‍ രംഗത്ത്. അന്‍സിബയും മറ്റൊരു യുവാവും തുളസിമാലയിട്ട് ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്സ്ബുക്കിലും മറ്റുമായി പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

”ഞാന്‍ ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല. ഇപ്പോള്‍ കല്ല്യാണത്തെക്കുറിച്ച് ആലോചിക്കുന്നുമില്ല, എന്തിനാണ് അത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് തനിക്കറിയില്ല.” ഫെയ്‌സ്ബുക്ക് ലൈവിലൂടെ താരം വ്യക്തമാക്കി.

അന്‍സിബ ഹസ്സനും മുരളി മേനോനും ഒരുമിച്ചഭിനയിച്ച ഹ്രസ്വ ചിത്രത്തിലെ ചിത്രങ്ങളാണ് അന്‍സിബ വിവാഹിതയായി എന്ന് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. ”അന്‍സിബ ഹസ്സനും മുരളി മേനോനും. ഇവരെ ഹിന്ദു-മുസ്‌ലിം അല്ലാതെ മനുഷ്യരായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കുക”. എന്ന വാചകങ്ങളോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

”ഒരുപാട് ഓണ്‍ലൈന്‍ സൈറ്റുകള്‍ വിവാഹവാര്‍ത്ത കൊടുത്തതായി കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് അവര്‍ ആ വാര്‍ത്ത കൊടുത്തതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.” സെലിബ്രിറ്റി എന്നതിനപ്പുറം താന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പോസ്റ്റ് പിന്‍വലിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top