ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവം: അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം : റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച അര്‍ബുദ ചികില്‍സയിലുള്ള കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന റിപ്പോര്‍ട്ട് നല്‍കും. ഇക്കാര്യത്തില്‍ ആര്‍സിസിയ്ക്ക് സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ജോയിന്റ് ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള ഉന്നത തലസംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ആര്‍സിസി ഡയറക്ടറുടെ നേതൃത്വത്തില്‍ ആശുപത്രിയ്ക്കുള്ളില്‍ നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിക്കും. ബാലികയെ വീണ്ടും രക്തപരിശോധനയ്ക്ക് വിധേയയാക്കാന്‍ വിദഗ്ദ സംഘം ആലോചിക്കുന്നുണ്ട്.

സര്‍ക്കാര്‍ ചെലവില്‍ ചെന്നൈ റീജണല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്താനാണ് ആലോചന. ഇതിനായി കുട്ടിയെയും മാതാപിതാക്കളെയും സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകാനാണ് തീരുമാനം. രക്തം സ്വീകരിച്ചതിന് ശേഷമാണോ കുട്ടിയ്ക്ക് അണുബാധയുണ്ടായത് എന്ന് പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നും സംഘം കണക്കുകൂട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിന്മേല്‍ അന്തിമതീരുമാനമെടുത്തിട്ടില്ല.

അതിനിടെ വിഷയത്തില്‍ പൊലീസിന്റെ പരിശോധനയും പുരോഗമിക്കുകയാണ്. രക്തം നല്‍കിയ 49 പേരുടെ പേരുവിവരങ്ങളാണ് ആര്‍സിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുള്ളത്. ഈ രക്തദാതാക്കളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസ്സുകാരിയ്ക്കാണ് ഈ ദുര്യോഗം. ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ശേഷമാണ് കുട്ടിയ്ക്ക് എച്ച്‌ഐവി അണുബാധ ഉണ്ടായതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട ആരോഗ്യമന്ത്രി, കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു.

DONT MISS
Top