നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്ജ്

എസ്പി എവി ജോര്‍ജ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ നാലരമണിക്കൂര്‍ നീണ്ടുനിന്നു. കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ അംഗമായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് വ്യക്തമാക്കി.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്തരയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും അത് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. താനും ദിലീപും നിരപരാധികളാണെന്നും കോടതിയില്‍ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നാദിര്‍ഷ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിര്‍ഷ വ്യക്തമാക്കി. പലരും പല നുണകളും പറഞ്ഞുപരത്തുകയാണ്. എന്നാല്‍ തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാദിര്‍ഷ പറഞ്ഞു. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയുടെ സൈറ്റില്‍ വെച്ച് പള്‍സര്‍ സുനിക്ക് താന്‍ പണം നല്‍കിയെന്ന ആരോപണം നാദിര്‍ഷ നിഷേധിച്ചു.

DONT MISS
Top