ഗുര്‍മീത് സിംഗിന്റെ ‘മകള്‍’ ഹണീപ്രീത് നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകുമെന്ന് പൊലീസ്‌

ഗുര്‍മിത് റഹിം സിഗും ഹണിപ്രീതും (ഫയല്‍)

ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ ‘ദത്തുപുത്രി’യും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇന്‍സാന്‍ നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന പൊലീസ്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കലാപമുണ്ടായ കേസുമായി ബന്ധപ്പെട്ട് പൊലീസ് ദേരാ സച്ചയുടെ ഉന്നത നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തുകയാണ്.

ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന്​ ഹണിപ്രീതിനും  ദേരാ സച്ച സൗദ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെയും പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പ്രദീപ് ഗോയലിനെ രാജസ്ഥാനില്‍ നിന്ന് കസ്റ്റഡിയില്‍ പൊലീസ് എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണീപ്രീത് രാജ്യം വിട്ടിരിക്കാമെന്ന സൂചന ലഭിച്ചത്. ഹണിപ്രീതിന്റെ കേന്ദ്രത്തെ കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പോലീസിന്റെ വിശ്വാസം.

ശനിയാഴ്ച ഉദയ്പൂരിലെ  സെക്ടര്‍ 17 നകോഡ നഗറില്‍  നിന്നാണ് പ്രദീപിനെ പോലീസ് പിടികൂടിയത്. ഇയാളെ പഞ്ച്കുളയില്‍ എത്തിച്ച്‌ ചോദ്യം ചെയ്തുവരികയാണ്. ഗുര്‍മീതിന് ശിക്ഷ വിധിച്ച ഓഗസ്റ്റ് 25ന് പഞ്ച്കുളയില്‍ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടാന്‍ നിര്‍ദേശം നല്‍കിയത് പ്രദീപ് ആയിരുന്നു. പഞ്ച്കുളയില്‍ നിന്ന് പുറത്തുപോകാതെ തന്നെ സംരക്ഷിക്കുന്നവര്‍ക്ക് 25,000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തിരുന്നുവെന്നും പ്രദീപ് പറയുന്നു.

ദേര സച്ച സൗദയിലെ രണ്ടാം സ്ഥാനത്തുള്ള ഹണിപ്രീത് 2009 മുതല്‍ ഗുര്‍മീതിന്റെ വിശ്വസ്തയാണ്. ഗുര്‍മീത് അഭിനയിച്ച സിനിമകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവ സാന്നിധ്യമായിരുന്നു. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് ഹണിപ്രീത് സ്വയം പറയുന്നത്. റാം റഹിമിനെ നായകനാക്കി എംഎസ് ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന സിനിമ ഹണിപ്രീത് സംവിധാനം ചെയ്തു. ബാബയെ നായകനാക്കി ചെയ്ത എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ് എന്ന സിനിമയില്‍ ഹണിപ്രീത്  21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു.

ഹണിപ്രീത് ഇന്‍സാന്‍ എന്ന പ്രിയങ്ക തനേജയെ തന്റെ ദത്തുപുത്രിയായി ഗുര്‍മീത് റഹീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുര്‍മീതും ഹണിയും തമ്മിലുള്ളത് പിതാപ് -പുത്രി ബന്ധമല്ലെന്നും ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു. ഗുര്‍മീതിന്റെ ഭക്തനായിരുന്ന താന്‍ ഭാര്യക്കൊപ്പം നടത്തിയ ആശ്രമ സന്ദര്‍ശനത്തിനിടെ ഗുര്‍മീത് ഭാര്യയെ വശീകരിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഗുപ്ത പറഞ്ഞത്.

DONT MISS
Top