നടിയെ ആക്രമിക്കാനും,  പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപെന്ന് അന്വേഷണസംഘം

കൊച്ചി : നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം. ഇന്നലെ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികള്‍ നടന്നത്.

ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നടി എതിര്‍ത്താല്‍ എന്ത് ചെയ്യണമെന്നും മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയതായി ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അത് ഏത് ദിശയില്‍ പിടിക്കണമെന്നും ദിലീപ് സുനിയ്ക്ക് നിര്‍ദേശം നല്‍കി. വിവാഹമോതിരത്തിന്റെയും നടിയുടെ കഴുത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. നടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അടക്കം എല്ലാ കാര്യങ്ങളും സുനിയെ ബോധ്യപ്പെടുത്തിയ ദിലീപ്, സംഭവത്തിനുശേഷം സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും.  അതിനിടെ  ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു റിമാന്‍ഡ് കാലാവധി തീര്‍ന്നത്.

അതേസമയം കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം രണ്ടാം വട്ടം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ ചോദ്യം ചെയ്യലിന് നാദിര്‍ഷ  ഹാജരായെങ്കിലും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top