സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു, ഇടുക്കിയിലും മഴക്കെടുതി

കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ വൈകീട്ടോടെ ആരംഭിച്ച കനത്ത മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. രണ്ടു ദിവസം കൂടി സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതിനിടെ കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയില്‍ പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടമുണ്ടായി. അട്ടപ്പാടി ആനക്കല്ലിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്നും, റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടതിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് പല ആദിവാസി കോളനികളും ഒറ്റപ്പെട്ട നിലയിലാണ്.

ഇടുക്കിയിലും മഴക്കെടുതി തുടരുകയാണ്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വന്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, ദേവികുളം, അടിമാലി, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ തുടങ്ങിയ പ്രദേശങ്ങലില്‍ മണ്ണിടിച്ചിലുണ്ടായി. പുല്ലുപാറയില്‍ കനത്ത മഴയെതുടര്‍ന്ന് പാലം ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രണ്ട് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

DONT MISS
Top