പത്തനാപുരത്ത് ശൈശവ വിവാഹം; ബന്ധുക്കള്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കൊല്ലം: പത്തനാപുരത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി വിവാഹിതയായി. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തു.

പത്തനാപുരം ചെമ്പനരുവി മുള്ളുമല ഗിരിജന്‍ കോളനിയിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബന്ധുകൂടിയായ യുവാവാണ് വിവാഹം കഴിച്ചത്. രണ്ടുമാസം മുന്‍പാണ് വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ പിതൃസഹോദരി പുത്രനായ രാജേഷാണ് കുട്ടിയെ വിവാഹം ചെയ്തത്. ഇയാളെയും ഇയാളുടെ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍വച്ച് രഹസ്യമായി മിന്നുകെട്ടിയശേഷം കുട്ടിയെ രാജേഷിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു.

രാജേഷിന്റെ വീട്ടില്‍ കുട്ടി കുറച്ചുനാളായി തങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പറിന്റെ സഹായത്തോട വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിവാഹം ബന്ധുക്കള്‍ രഹസ്യമായി നടത്തിയ കാര്യം വ്യക്തമായത്. ചൈല്‍ഡ് ലൈന്‍ അറിയിച്ചതനുസരിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിയതിന്‌ശേഷം ബന്ധുക്കളെ അറസ്റ്റുചെയ്യുകയായിരുന്നു.

കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടികള്‍ക്കെതിരേയുള്ള പീഡനം തടയുന്ന വകുപ്പായ പോക്‌സോ അനുസരിച്ചും കേസ് ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

DONT MISS
Top