ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായ ദിവസം നാദിര്‍ഷ അവാര്‍ഡ് നിശയില്‍:? പൊലീസ് പരിശോധിക്കും

നാദിര്‍ഷ പങ്കെടുത്ത അവാര്‍ഡ് നിശ

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായ ദിവസം സംവിധായകന്‍ നാദിര്‍ഷ അവാര്‍ഡ് നിശയില്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തി. അതേദിവസം തൃശൂരില്‍ സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങിലാണ് നാദിര്‍ഷ പങ്കെടുത്തത്. ആശുപത്രിയില്‍ നിന്നുമാണ് തൃശൂരിലേയ്ക്ക് പോയത്.

പരിപാടിയില്‍ വെച്ച് നാദിര്‍ഷയുമായി ആശയവിനിമയം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്യ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിന് വേണ്ടി നാദിര്‍ഷയോട് പൊലീസ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍ ചോദ്യം ചെയ്യലിന് മുന്‍പ് തന്നെ നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെത്തിയാണ് നാദിര്‍ഷയെ പരിശോധിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.

പിന്നീട് നാല് മണിയ്ക്ക് താന്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് നാദിര്‍ഷ അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും നാദിര്‍ഷയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചോദ്യം ചെയ്യലിനുള്ള പുതിയ തീയതി നിശ്ചയിക്കാമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

അന്നേദിവസം തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗുഡ്‌നൈറ്റ് 2017 എന്ന അവാര്‍ഡ് നിശയിലാണ് നാദിര്‍ഷ പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. താരനിശയില്‍ ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. നേരത്തെ ജൂണ്‍ മാസം ദിലീപിനെയും നാദിര്‍ഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തത്.

അസേമയം കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിക്ക് പോലീസ് ക്ലബില്‍ എത്താന്‍ നാദിര്‍ഷക്ക് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ക്വട്ടേഷന്‍ തുകയുടെ അഡ്വാന്‍സായി 25,000 രൂപ നാദിര്‍ഷയാണ് തനിക്ക്കൈമാറിയതെന്നായിരുന്നു കഴിഞ്ഞയാഴ്ച പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ മൊഴി പൊലീസ് സമ്മര്‍ദ്ദം ചെലുത്തി പറയിച്ചതാണെന്ന് നാദിര്‍ഷ പ്രതികരിച്ചിരുന്നു.

DONT MISS
Top