നര്‍മ്മദ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും; അണക്കെട്ട് പൂര്‍ത്തിയാകുന്നത് തറക്കല്ലിട്ട് 56 വര്‍ഷങ്ങള്‍ക്ക് ശേഷം

ഫയല്‍ ചിത്രം

അഹമ്മദാബാദ് : നര്‍മ്മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. ലോകത്തെ രണ്ടാമത്തെ വലിയ ഡാം എന്ന വിശേഷണവുമായാണ് നര്‍മ്മദ ജില്ലയിലെ കേവാദിയയില്‍ ഉദ്ഘാടനത്തിന് സജ്ജമായ അണക്കെട്ട്. 1.2 കിലോ മീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള നര്‍മ്മദ ഡാം, 1961 ഏപ്രില്‍ അഞ്ചിന് രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണ് തറക്കല്ലിട്ടത്.

എന്നാല്‍ തറക്കല്ലിട്ട് 56 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം പൂര്‍ത്തിയാകുന്നത്. അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ വലുതും, ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവുകൊണ്ട് ഒന്നാമത്തെയും അണക്കെട്ടാണ് ഇതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ അവകാശ വാദം.

ഉദ്ഘാടനത്തിന് ശേഷം നര്‍മ്മദ നദിയിലെ സാധു ബേട്ട് ദ്വീപില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. അതിനിടെ അണക്കെട്ടിനെതിരെ സമരങ്ങളും ശക്തമായിട്ടുണ്ട്. മധ്യപ്രദേശിലെ ബര്‍വാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേദാ പട്കറിന്റെ നേതൃത്വത്തില്‍ ജലസത്യാഗ്രഹ സമരം ആരംഭിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മുങ്ങുന്ന 192 ഗ്രാമങ്ങളിലൊന്നാണ് ഇത്.

അണക്കെട്ടിന്റെ പേരില്‍ ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. കൃഷി സ്ഥലങ്ങളിലേക്കുള്ള 43,000 കിലോമീറ്റര്‍ കനാലുകളില്‍, 18,000 കിലോ മീറ്റര്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. എന്നാല്‍ പത്തുലക്ഷം ഹെക്ടറിലും വെള്ളമെത്തുമെന്ന് കര്‍ഷകരെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

DONT MISS
Top