മൂന്നു വയസ്സുകാരിയായ മകളേയും കോടികളുടെ സ്വത്തും ഉപേക്ഷിച്ച് ജൈന ദമ്പതികള്‍ സന്യാസത്തിലേക്ക്

മകള്‍ ഇഭ്യയോടൊപ്പം സുമിത് റാത്തോഡും അനാമികയും

ഭോപ്പാല്‍ : മൂന്ന് വയസ്സുകാരിയായ മകളേയും നൂറുകോടിയുടെ സ്വത്തുമുപേക്ഷിച്ച് സന്യാസമാര്‍ഗം സ്വീകരിക്കാനൊരുങ്ങുകയാണ് സുമിത് റാത്തോഡ്, അനാമിക ദമ്പതികള്‍. ഭോപ്പാലിലെ ജൈന കുടുംബത്തിലെ ആംഗമായ ഇവര്‍ കുഞ്ഞിന് എട്ടു മാസം പ്രായമുള്ളപ്പോള്‍ തന്നെ ഈ തീരുമാനം എടുത്തിരുന്നുവെങ്കിലും ഇപ്പോഴാണ് സന്യാസം സ്വീകരിക്കുന്നത്.

മകള്‍ ഇഭ്യയെ അനാമികയുടെ പിതാവായ അശോക് ചണ്ഡാലിയെ ഏല്‍പ്പിച്ചാണ് ഇവര്‍ സന്യാസത്തിന് പോകുന്നത്. സെപ്തംബര്‍ 23 നാണ് സന്യാസത്തിന്റെ ആദ്യ ഘട്ടമായ ദീക്ഷ ഇവര്‍ സ്വീകരിക്കുക. സൂറത്തിലെ ജൈന ആചാര്യനായ രാംലാല്‍ മഹാരാജാണ് ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.

നാലു വര്‍ഷം മുന്‍പാണ് സുമിതും അനാമികയും വിവാഹിതരായത്. കുഞ്ഞ് ജനിച്ച് എട്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ടു പേരും സന്യാസത്തിനുള്ള തീരുമാനമെടുക്കുകയും അകന്നു കഴിയുകയുമായിരുന്നു. ആദ്യ ഘട്ടമായ ദീക്ഷ സ്വീകരിക്കുന്നതുവരെ രണ്ടു പേരും ഇനി മൗന വ്രതത്തിലുമായിരിക്കും.

പാരമ്പര്യമായി വ്യാപാരമാണ് ഇവരുടെ കുടുംബം ചെയ്യുന്നത്. മകന്‍ ഈ തീരുമാനമെടുക്കുമെന്ന് മുന്‍കൂട്ടി അറിയുമായിരുന്നെങ്കിലും ഇത്രപെട്ടെന്ന് ഇത് ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് സുമിതിന്റെ പിതാവായ രാജേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച് മകള്‍ പോകുന്നതില്‍ വിഷമമുണ്ടെങ്കിലും ഒരാളുടെയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്ന് അനാമികയുടെ പിതാവ്‌ അശോക് ചണ്ഡാലിയും പറയുന്നു.

DONT MISS
Top