ജനിതകമാറ്റം വരുത്തിയ കടുക് കൃഷിയ്ക്ക് അനുമതി : തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഫയല്‍ ചിത്രം

ദില്ലി : വാണിജ്യാടിസ്ഥാനത്തില്‍ ജനിതക മാറ്റം വരുത്തിയ കടുക് കൃഷിയ്ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

ജനിതകമാറ്റം വരുത്തിയ കൃഷി രാജ്യത്ത് എങ്ങും ചെയ്തിട്ടില്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇത്തരത്തിലുള്ള കടുക് കൃഷി ചെയ്യാനുള്ള ഒരു നടപടിയും ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയ്ക്ക് ഉറപ്പുനല്‍കി. പരിസ്ഥിതി പ്രവര്‍ത്തകയായ അരുണ റോഡ്രിഗസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം കോടതിയെ ഇക്കാര്യം അറിയിച്ചത്.

ജനിതകമാറ്റം വരുത്തിയ കടുക് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്യാനുള്ള തീരുമാനം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ കോടതിയെ സമീപിച്ചത്. ജനിതകമാറ്റം വരുത്തിയ കടുക് കൃഷിയ്ക്ക് അനുമതി നല്‍കാമെന്ന് ചൂണ്ടിക്കാട്ടി്, കഴിഞ്ഞ മെയിലാണ് ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്.

കര്‍ഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം. എന്നാല്‍ പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ മാധവ് ധവെ അന്തരിച്ചതിനെ തുടര്‍ന്ന്, പകരം ചുമതലയേറ്റ ഹര്‍ഷവര്‍ധന്‍ പ്രതിഷേധം ഭയന്ന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. വിഷയത്തില്‍ ഈ മാസം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

അതേസമയം ജനിതക മാറ്റം വരുത്തിയ കടുക് കൃഷി സംബന്ധിച്ച വിഷയത്തില്‍ സദുദ്ദേശ പരമായ തരത്തിലാകണം തീരുമാനമെടുക്കേണ്ടതെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനിതക മാറ്റം വരുത്തിയ കടുക് വിഷയത്തില്‍ നാഷണല്‍ അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസും പ്രതിഷേധക്കാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കായി രാജ്യം വര്‍ഷാവര്‍ഷം 10 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ടെന്നും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനായാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

ഫയല്‍ ചിത്രം

ദില്ലി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ശാസ്ത്രജ്ഞനുമായ ദീപക് പെന്റലാണ് 2015 ല്‍ ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ജനിതകമാറ്റം വരുത്തിയ കടുകിന്റെ സുരക്ഷയും, ഇത് കൃഷി ചെയ്താലുണ്ടാകുന്ന പ്രശ്‌നവും അടക്കം പഠിക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.

ജനിതകമാറ്റം വരുത്തിയ വിത്തില്‍ നിന്ന്, സാധാരണ വിത്തിനങ്ങളേക്കാള്‍ 38 ശതമാനം അധികം വിളവ് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. കര്‍ഷകര്‍ക്ക് ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ കടുക് കൃഷി ചെയ്താല്‍, ആഗോള വിപണിയില്‍ ഇന്ത്യക്ക് വന്‍ സാമ്പത്തികലാഭം ഉണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കിയ നടപടിയില്‍ ബിജെപി അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചും, പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ ഒരു വിളയും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് തങ്ങള്‍ എതിരാണെന്നും, കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സഹ കണ്‍വീനര്‍ അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. ജനിതകമാറ്റം വരുത്തിയ പരുത്തിക്കൃഷി ചെയ്യുന്നതിനെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പ്രോത്സാഹിപ്പിച്ചിരുന്നു.

DONT MISS
Top