കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ്: പിവി സിന്ധു സെമി ഫൈനലില്‍

സോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ കിരീട പ്രതീക്ഷയേകി ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ കടന്നു. ജപ്പാന്റെ മിനാത്സു മിതാനിയെ മൂന്ന് ഗെയിം നീണ്ട ശക്തമായ പോരാട്ടത്തില്‍ മറികടന്നാണ് സിന്ധു അവസാന നാലിലേക്ക് എത്തിയിരിക്കുന്നത്. സ്‌കോര്‍ 21-19, 16-21, 21-10.

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ആദ്യഗെയിം സിന്ധു സ്വന്തമാക്കിയത്. ഇടവേളയ്ക്ക് 11-9 ന് സിന്ധു മുന്നിലായിരുന്നു. തുടര്‍ന്നും ഒരുമിച്ച് മുന്നേറിയ താരങ്ങള്‍ സ്‌കോര്‍ 19-19 ലെത്തിച്ചു. അവിടെവെച്ച് തുടരെ രണ്ട് പോയിന്റുകള്‍ നേടി സിന്ധു ഗെയിം കൈപ്പിടിയിലാക്കി. എന്നാല്‍ രണ്ടാം ഗെയിം നേടി ജപ്പാന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടക്കത്തില്‍ മിതാനി 5-1 ന് ലീഡെടുത്തെങ്കിലും സിന്ധു തിരിച്ചടിച്ച് 4-5 ആക്കി. ഇടവേളയ്ക്ക് 11-9 ന് സിന്ധു മുന്നിലായിരുന്നു. പക്ഷെ ശക്തമായി പൊരുതിയ ജപ്പാന്‍ താരം 16-21 ന് ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധുവിന്റെ ഏകപക്ഷീയമായ മുന്നേറ്റമാണ് കണ്ടത്. 11-3 ന് മുന്നേറിയ സിന്ധു ഒടുവില്‍ 21-10 ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 63 മിനിട്ടില്‍ അവസാനിച്ചു.

ചൈനയുടെ ഹി ബിന്‍ജിയോ-ദക്ഷിണ കൊറിയയുടെ സു ജി ഹ്യുന്‍ മത്സരത്തിലെ വിജയിയെ ശനിയാഴ്ച നടക്കുന്ന സെമിയില്‍ സിന്ധു നേരിടും. കഴിഞ്ഞ മാസം അവസാനിച്ച ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ നേട്ടത്തിന് പിന്നാലെ സിന്ധു പങ്കെടുത്ത ടൂര്‍ണമെന്റാണ് കൊറിയ ഓപ്പണ്‍. ഈ വര്‍ഷം സിന്ധു സെമിയിലെത്തുന്ന രണ്ടാമത്തെ സൂപ്പര്‍ സീരീസാണിത്.

അതേസമയം, പുരുഷ വിഭാഗം സിംഗിള്‍സില്‍ സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍ പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് സിന്ധു. ടോപ് സീഡ് സണ്‍ വാന്‍ ഹൂവിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് വര്‍മ തോല്‍വി വഴങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു വര്‍മയുടെ തോല്‍വി. സ്‌കോര്‍ 22-20, 10-21, 13-21.

DONT MISS
Top