കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായ പരാതി: വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചതായ പരാതി വിദഗ്ധസംഘം അന്വേഷിക്കും. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ധപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.

പരിശോധനയുടെ ഭാഗമായി എച്ച്‌ഐവി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിദഗ്ധ അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡിഎംഇ ഡോ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ വിദഗ്ദസംഘത്തെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍സിസി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് അല്ലാത്ത വിദഗ്ദരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

എആര്‍ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി,ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസ്സുകാരിയ്ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും അതിന്റെ ഭാഗമായി പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പ് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചത്. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ ആദ്യ ദിവസങ്ങളിലെ പരിശോധനയിലും കുട്ടിയ്ക്ക് എച്ച്‌ഐവി നെഗറ്റീവ് ആയിരുന്നു.ഇതിനിടയില്‍ മറ്റെവിടെയും ചികിത്സിച്ചിട്ടില്ല. അതിനാല്‍ ആര്‍സിസിയിലെ പിഴവാണ് രോഗബാധിതയാക്കിയതെന്ന്മാതാപിതാക്കള്‍ ഉറപ്പിക്കുന്നു.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം പരാതിയെന്നും പരാതി പരിശോധിച്ചുവരികയാണെന്നും ആര്‍സിസി വൃത്തങ്ങള്‍ അറിയിച്ചു.സംഭവം സംബന്ധിച്ച് പ്രതിപക്ഷ നേതാവിനും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top