ഗൗരി ലങ്കേഷ് വധം: അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ച് പൊലീസ്

ഗൗരി ലങ്കേഷ്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ചു. 2 ഇന്‍സ്‌പെക്ടര്‍മാരടക്കം 40 പേരെയാണ് പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 105 ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ അന്വേഷണസംഘത്തില്‍ ഉള്ളത്.

കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ആന്ധ്രാ സ്വദേശിയാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഗൗരി ലങ്കേഷിന്റെ വീടിന് പരിസരത്തുള്ള ഒന്നിലധികം സി സി ടി വി കളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.

അതിനിടെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍, എംഎം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ സംഘപരിറാണ് ഗൗരി ലങ്കേഷിന്റെയും കൊലയ്ക്ക് പിന്നിലെന്ന് പ്രതികരിച്ചിരുന്ന ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹയ്ക്ക് ബിജെപി നിയമനോട്ടീസ് അയച്ചു

ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയാണ് രൂപീകരിച്ചിരുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച കേസ് തെളിയിക്കുന്നതിനാവശ്യമായ നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top