‘തോക്കുപയോഗിച്ച് ശബ്ദത്തെ നിശബ്ദമാക്കുന്നു’; ഗൗരി ലങ്കേഷ് വധത്തെ അപലപിച്ച് കമല്‍ ഹാസന്‍

ചെന്നൈ: തോക്കുപയോഗിച്ച് ശബ്ദത്തെ നിശബ്ദമാക്കുകയാണ് ചെയ്യുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ അപലപിച്ച് നടന്‍ കമല്‍ ഹാസന്‍. വാദപ്രതിവാദത്തില്‍ ജയിക്കുവാനുള്ള ഏറ്റവും ക്രൂരമായ മാര്‍ഗം അക്രമമാണെന്നും ആ അക്രമത്തിലൂടെ ശബ്ദത്തെ നിശബ്ദമാക്കുകയാണ് ചെയ്യുന്നതെന്നും കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

ബംഗ്ലൂരുവിലെ വസതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷ് വധത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും കമല്‍ ഹാസന്‍ ട്വീറ്റ് ചെയതു.

ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി.

ഹിന്ദുത്വ മതവാദത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം വീണ്ടും രാജ്യത്ത് അരങ്ങേറിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

അതേസമയം  ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ  പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു.  ആന്ധ്രപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഇയാളെ അന്വേഷണസംഘം രഹസ്യകേന്ദ്രത്തിലെത്തി ചോദ്യം ചെയ്യുകയാണ്. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

DONT MISS
Top