യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന് ; 16 ആം ഗ്രാന്‍സ്ലാം കിരീട നേട്ടം

നദാല്‍ കിരീടവുമായി

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം. നദാലിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. വിജയത്തോടെ കരിയറിലെ പതിനാറാം ഗ്രാന്‍സ്ലാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്.


കരിയറില്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിനിറങ്ങിയ ആന്‍ഡേഴ്‌സണെ തീര്‍ത്തും നിഷ്പ്രഭനാക്കുന്ന പ്രകടനമായിരുന്നു നദാലിന്റേത്. രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന മല്‍സരത്തില്‍, ടെന്നീസിലെ രാജാവ് താന്‍ തന്നെയെന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് നദാല്‍ കിരീടം ചൂടിയത്. സ്‌കോര്‍ 6-3 6-3, 6-4.


നദാലും ആന്‍ഡേഴ്‌സണും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു. ഈ സീസണില്‍ നദാല്‍ നേടുന്ന രണ്ടാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്. ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാല്‍ നേടിയിരുന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.

2010 ലും 2013 ലും യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് 31 കാരനായ നദാല്‍. റോജര്‍ ഫെഡററെ കീഴടക്കി എത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെയാണ് സെമിയില്‍ നദാല്‍ പരാജയപ്പെടുത്തിയത്.

1973ന് ശേഷം പുരുഷ വിഭാഗം ഫൈനലില്‍ എത്തുന്ന താഴ്ന്ന റാങ്കുകാരനാണ് കെവിന്‍ ആന്‍ഡേഴ്‌സണ്‍. യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയാണ് 32 ആം റാങ്കുകാരനായ ആന്‍ഡേഴ്‌സണ്‍.

DONT MISS
Top