ഗൗരി ലങ്കേഷ് വധം: ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

ബംഗളുരു: ബംഗളുരുവിലെ വസതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഇയാളെ അന്വേഷണസംഘം രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബി കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന ദിവസം ഗൗരി ലങ്കേഷിന്റെ വസതിയില്‍നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ രേഖചിത്രം തയ്യാറാക്കിയിരുന്നു. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയാണ് രൂപീകരിച്ചിരുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച കേസ് തെളിയിക്കുന്നതിനാവശ്യമായ നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍. പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

DONT MISS
Top