ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ ; പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനെന്നും പൊലീസ്

ഗണേഷ് കുമാര്‍ എംഎല്‍എ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം. ഗണേഷിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കഴിഞ്ഞദിവസം ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചശേഷം ഗണേഷ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പൊലീസ് കോടതിയെ സമീപിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും, സിനിമാ മേഖലയിലുള്ളവരെല്ലാം ദിലീപിനെ സഹായിക്കണമെന്നായിരുന്നു ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് അഭിപ്രായപ്പെട്ടത്. ഗണേഷിന്റെ പ്രസ്താവന കേസിനെ അട്ടിമറിക്കാനും, സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ സാക്ഷികളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റായ ഗണേഷിന്റെ പ്രസ്താവന ഇവരെ സ്വാധീനിച്ചേക്കാം. കൂടാതെ ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാക്കാര്‍ കൂട്ടത്തോടെ ജയില്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണ്. ഗണേഷിന്റെ പ്രസ്താവന എങ്ങനെ സ്വാധീനിച്ചു എന്നതിന് തെളിവാണ് ഈ സന്ദര്‍ശകപ്രവാഹമെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗണേഷ് കുമാര്‍ എംഎല്‍എ കൂടിയാണ്. ജനപ്രതിനിധിയായ ഒരാള്‍ അന്വേഷണസംഘത്തെ സംശയിക്കുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവന കേസിനെ ദോഷകരമായി ബാധിക്കും. കൂടാതെ ഇത് പൊലീസിനെതിരായ ക്യാംപെയ്‌നായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ കേസില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അങ്കമാലി കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ദിലീപിനെ കാണുന്നതിന് ജയിലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ഇനി ദിലീപിനെ സന്ദര്‍ശിക്കാനാകൂ. ദിലീപിനെ കാണാന്‍ ജയിലില്‍ സന്ദര്‍ശകപ്രവാഹം ഏറിയതില്‍ ഏറെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

DONT MISS
Top