ഉത്തര്‍പ്രദേശിനും ദില്ലിക്കും പിന്നാലെ മഹാരാഷ്ട്രയിലും ട്രെയിന്‍ പാളം തെറ്റി; ഇന്നേ ദിവസം ട്രെയിനുകള്‍ പാളം തെറ്റുന്നത് മൂന്നാം തവണ

പാളം തെറ്റിയ ചരക്ക് ട്രെയിന്‍

മുംബൈ: മഹാരാഷ്ട്രയിലെ കണ്ഡാലയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. ഇന്നേ ദിവസം മൂന്നാം തവണയാണ് ട്രെയിനുകള്‍ പാളം തെറ്റുന്നത്. രാവിലെ ഉത്തര്‍പ്രദേശിലും പിന്നീട് ദില്ലിയിലും ട്രെയിനുകള്‍ പാളം തെറ്റിയിരുന്നു.

ഇന്ന് രാവിലെ ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയിരുന്നു. ഹൗറയില്‍ നിന്നും ജബല്‍പൂരിലേക്ക് പോകുകയായിരുന്ന ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോളികളായിരുന്നു പാളം തെറ്റിയത്. എതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും അളപായമില്ല. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന ആറാമത്തെ ട്രെയിന്‍ അപകടമാണ് ഇന്നത്തേത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം യുപിയിലെ ഹര്‍ദാത്പൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ്, മുംബൈയില്‍ അന്ധേരി ഛത്രപതി ശിവജി ടെര്‍മിനല്‍ ഹാര്‍ബര്‍ പാതയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റിയിരുന്നു. ട്രെയിനിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്.

ഉച്ചയോടെ റാഞ്ചി-ദില്ലി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ദില്ലി ശിവാജി ബ്രിഡ്ജിന് സമീപം കോണാട്ട് പ്ലെയ്‌സിലാണ് ട്രെയിന്‍ പാളം തെറ്റിയത്. എന്‍ജിനും പവര്‍ കാറുമാണ് അപകത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ട്രെയിന്‍ വളരെ സാവധാനത്തില്‍ വന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.

ഈ സംഭവത്തിന് ഒരാഴ്ച മുന്‍പ് ഉത്തര്‍പ്രദേശില്‍ ദില്ലിയില്‍ നിന്നുള്ള കഫിയത്ത് എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ 80 പേര്‍ക്കാണ് പരുക്കേറ്റത്. ഔറിയയില്‍ പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം. റെയില്‍വേ ട്രാക്കിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രാക്കിലെ അറ്റകുറ്റപ്പണിക്കായി സാധനങ്ങളുമായി എത്തിയതായിരുന്നു ടിപ്പര്‍. ഈ അപകടം നടക്കുന്നതിന് നാലുദിവസം മുന്‍പ് ആഗസ്റ്റ് 19 ന് പുരി ഹരിദ്വാര്‍ കലിംഗ ഉത്കല്‍ എകസ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 156 പേര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഖതൗലിയില്‍ വച്ച് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.

യുപിയിലടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top