പെരുമ്പാവൂരില്‍ പാറമടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

പ്രതീകാത്മക ചിത്രം

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. കാണാതായ മറ്റൊരു വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുന്നു. എറണാകുളം കളമശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിജിത്ത് എന്ന വിദ്യാര്‍ഥിയെ  ആണ് കാണാതായത്.

പെരുമ്പാവൂര്‍ വേങ്ങൂർ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. പ്രവര്‍ത്തനം നിര്‍ത്തിയ പാറമടയിലാണ് അപകടമുണ്ടായത്. വെള്ളം നിറഞ്ഞ പാറമടയില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടികള്‍ പാറമടയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ഒരു വിദ്യാര്‍ത്ഥിയെ രക്ഷിച്ചു. അക്ഷയ് എന്ന വിദ്യാര്‍ത്ഥിയെ ആണ് രക്ഷപെടുത്തിയത്. മറ്റ് രണ്ടുപേരെക്കൂടി പാറമടയിലെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

നേരത്തെയും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ സമീപവാസികള്‍ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ നാല് പേര്‍ ഇന്ന് ഉച്ചയോടെ ഇവിടെയെത്തിയത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

DONT MISS
Top