‘മരണക്കളി’ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബ്ലൂവെയില്‍ ഗെയിം ഇതുവരെ നിരവധിപേരുടെ ജീവനാണ് അപഹരിച്ചത്

ചെന്നൈ: ബ്ലൂവെയില്‍ നിരോധിച്ചതായി തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ഗോവിന്ദരാജന്‍ ആണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത്. ജസ്റ്റിസ് കെകെ ശശിധരനും ജി ആര്‍ സ്വാമിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ഓണ്‍ലൈന്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഗെയിമിനെതിരെ ശക്തമായ നടപടികള്‍ പോലീസ് തുടങ്ങിക്കഴിഞ്ഞു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യാഹൂ, മെയില്‍ എന്നിവയിലൂടെ ഗെയിമിന്റെ ലിങ്ക് പങ്കുവെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ഡിജിപി ഉത്തരവിട്ടു. ബ്ലൂവെയില്‍ ഗെയിമിനടിമയാകുന്നരുടെ തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളാണ് സംസഥാനത്ത് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 30ന് കോളേജ് വിദ്യാര്‍ഥി വിഗ്‌നേഷാണ് ഒടുവില്‍ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ചയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഗെയിം എങ്ങനെയാണ് തടയാന്‍ പോകുന്നതെന്ന് കോടതി ആരാഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നതിനായി കേസ് സെപ്തംബര്‍ എട്ടിലേക്ക് മാറ്റിവെച്ചു. മരണക്കളി എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ ഗെയിം ഇതുവരെ നിരവധിപേരുടെ ജീവന്‍ അപഹരിച്ചതായാണ് സംശയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top