അഴകിലും കരുത്തിലും മികവ് കൂട്ടി സ്വിഫ്റ്റ് എത്തും

പുതിയ സ്വിഫ്റ്റ്‌

അഴകളവുകളില്‍ അതിശയിപ്പിച്ചും കരുത്തില്‍ പുത്തന്‍ മാനങ്ങള്‍ തീര്‍ത്തും പുതുപുത്തന്‍ സ്വിഫ്റ്റ് ഇന്ത്യന്‍ റോഡുകളിലൂടെ കുതിച്ചുപായാന്‍ അധികം കാലതാമസമില്ല എന്നുറപ്പായി. ജനീവ ഓട്ടോ ഷോയിലാണ് പുത്തന്‍ സ്വിഫ്റ്റിന്റെ വരവ് കമ്പനി പ്രഖ്യാപിച്ചത്. യൂറോപ്പില്‍ ഉടനെയിറങ്ങുന്ന പുത്തന്‍ മോഡല്‍ വണ്ടികള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയിലെത്തും.

ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍, 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് എഞ്ചിന്‍ എന്നിവയാകും വാഹനത്തിന് കരുത്തേകുക. എന്നാല്‍ ഇന്ത്യയില്‍ 1.2, 1.3 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാകും ഉണ്ടാവുക. നിലവിലുള്ള സ്വിഫ്റ്റിനേക്കാള്‍ ഒരു സെന്റീമീറ്റര്‍ നീളവും ഒന്നര സെന്റീമീറ്റര്‍ ഉയരവും കുറവായിരിക്കുമെങ്കിലും ഉള്‍വിശാലത പുത്തന്‍ വാഹനത്തിനാവും കൂടുതല്‍. രണ്ട് സെന്റീമീറ്റര്‍ വീല്‍ ബെയ്‌സും നാല് സെന്റീമീറ്റര്‍ വീതിയും പുതിയ വാഹനത്തിന് കൂടുതലുണ്ട്.

അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഇന്റീരിയറും ആകര്‍ഷകമാണ്. ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പുത്തന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം ആപ്പിള്‍-ആന്‍ഡ്രോയ്ഡ് കണക്ടിവിറ്റികള്‍ നല്‍കുന്നു. കറുപ്പുനിറമാണ് അകത്തളത്തില്‍ ആകര്‍ഷകമായി സുസുക്കി ഒരുക്കിയിരിക്കുന്നത്.

ആള്‍ട്ടോയ്ക്ക് ശേഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ഈ ഹാച്ച്ബാക്ക് ചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. 53 ലക്ഷം സ്വിഫ്റ്റ് കാറുകളാണ് ആഗോളവിപണിയില്‍ മൊത്തം വിറ്റഴിഞ്ഞിട്ടുള്ളത്. പുതിയ സ്വിഫ്റ്റിനെയും ഇന്ത്യയിലെ വാഹന പ്രേമികള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പ്.

DONT MISS
Top