പീയുഷ് ഗോയല്‍; ഏട്ട് വര്‍ഷത്തിനിടെ റെയില്‍വെ മന്ത്രാലയത്തിലെത്തുന്ന ഒമ്പതാമത്തെ മന്ത്രി

പീയുഷ് ഗോയല്‍

ദില്ലി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍ അഴിച്ചുപണിയാണ് നടത്തിയത്. നിലവില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് വാണിജ്യ മന്ത്രാലയത്തിലേക്ക് മാറ്റി പീയുഷ് ഗോയലിന് റെയില്‍വെ വകുപ്പ് നല്‍കിയത്. ഇതോടെ എട്ട് വര്‍ഷത്തിനിടെ റെയില്‍വെ മന്ത്രാലയത്തിലെത്തുന്ന ഒമ്പതാമത്തെ മന്ത്രിയാണ് പീയുഷ് ഗോയല്‍.

അടിക്കടി നടക്കുന്ന ട്രെയിന്‍ അപകടങ്ങളെ തുടര്‍ന്ന് സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ രാജിവെയ്ക്കുന്നതിന് മുമ്പ് കുറച്ച് സമയം കാത്തുനില്‍ക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതായി പ്രഭു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി, തന്റെ ചോരയും വിയര്‍പ്പും റെയില്‍വെയ്ക്കുവേണ്ടി സമര്‍പ്പിച്ചു. മോദിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയ്ക്കുവേണ്ടി റെയില്‍വെയില്‍ ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്. ആ ലക്ഷ്യങ്ങളിലേക്കാണ് റെയില്‍വെ നിങ്ങുന്നതെന്നും മുന്നേറ്റം ശരിയായ ദിശയിലാണെന്നും സുരേഷ് പ്രഭു വ്യക്തമാക്കിയിരുന്നു.

2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഡിവി സദാനന്ദ ഗൗഡക്കായിരുന്നു റെയില്‍വെ മന്ത്രാലയത്തിന്റെ ചുമതലയെങ്കിലും ആറ് മാസത്തിനുശേഷം സുരേഷ് പ്രഭുവിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നടന്ന തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഭു തന്റെ രാജി സന്നദ്ധത അറിയിച്ചത്.

DONT MISS
Top