മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

അനിത

ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ അരിയല്ലൂര്‍ സ്വദേശിയായ അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രിയ പിന്തുണയില്ലാത്ത ചെറു സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. ചെന്നൈ അണ്ണാസാലൈയില്‍ സമരം നടത്തിയ എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച അനിതയുടെ ഭൗതിക ശരീരത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഇതിനിടെ അനിതയുടെ മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയായ ‘നീറ്റി’നെതിരെ നിയമപോരാട്ടം നടത്തിയ 17 വയസുകാരിയായ അനിതയാണ് കഴിഞ്ഞ ദിവസം പ്രവേശനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അനിത പ്ലസ്ടുവിന് 1200 ല്‍ 1176 മാര്‍ക്ക് വാങ്ങിയിരുന്നു, എന്നാല്‍ നീറ്റ് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടാന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനം. എന്നാല്‍ ദേശീയ പൊതുപ്രവേശന പരീക്ഷ വന്നതോടെ ഇതിനെതിരേ അനിത നിയമപോരാട്ടം തുടങ്ങുകയായിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം.

അനിത ഉള്‍പ്പെടെയുള്ള ഏതാനും വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇവര്‍ക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രിംകോടതി ഇത് റദ്ദ് ചെയ്യുകയും തമിഴ്‌നാടിനെ പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് ഉത്തരവിടുകയുമായിരുന്നു. നീറ്റ് സ്‌കോര്‍ പരിഗണിച്ചു മാത്രമേ മെഡിക്കല്‍ പ്രവേശനം നടത്താവൂ എന്നും തമിഴ്‌നാടിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.

ഇതേതുടര്‍ന്ന് അനിത നീറ്റ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ കഴിഞ്ഞില്ല. 720 ല്‍ 86 ആയിരുന്നു അനിതയ്ക്ക് ലഭിച്ച സ്‌കോര്‍. മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ എയര്‍നോട്ടിക് എന്‍ജിനീയറിങ്ങ് പഠനത്തിനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം നേടിയെങ്കിലും മെഡിക്കല്‍ പഠനമെന്ന സ്വപ്‌നം പൊലിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അനിതയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top