ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിന് പൗരന്മാര്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വന്നു; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍ : പൗരന്മാര്‍ ഉത്തരകൊറിയയിലേക്ക് യാത്രചെയ്യുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍വന്നു. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നത് സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിലക്ക്.

ഉത്തരകൊറിയന്‍ തടവില്‍ നിന്നും വിട്ടയച്ച അമേരിക്കന്‍ വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ്, പൗരന്മാരുടെ ഉത്തരകൊറിയന്‍ യാത്ര വിലക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നിയമം ലംഘിക്കുന്ന യുഎസ് പൗരന്മാര്‍ക്കെതിരെ പിഴ അടക്കം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും, പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുമെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇനി യുഎസ് പൗരന്മാര്‍ക്ക് ഉത്തരകൊറിയന്‍ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.

അമേരിക്കക്കാരെ ഉത്തരകൊറിയ വേട്ടയാടുകയാണെന്നാരോപിച്ചാണ് പൗരന്മാര്‍ക്ക് യുഎസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തരകൊറിയയില്‍ ശേഷിച്ചിരുന്ന യുഎസ് പൗരന്മാര്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയെന്ന് അമേരിക്ക വ്യക്തമാക്കി. പ്രതിവര്‍ഷം ആയിരത്തോളം അമേരിക്കക്കാര്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സൂചിപ്പിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top