കെന്നത്ത് ജസ്റ്ററിനെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചു

കെന്നത്ത് ജസ്റ്റര്‍

വാഷിംഗ്ടണ്‍ : കെന്നത്ത് ജസ്റ്ററിനെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. റിച്ചാര്‍ഡ് വര്‍മയുടെ പിന്‍ഗാമിയായാണ് ജസ്റ്റര്‍ സ്ഥാനമേല്‍ക്കുന്നത്.

62 കാരനായ കെന്നത്ത് ഐ ജസ്റ്റര്‍, യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്റര്‍നാഷണല്‍ ഇക്കണോമിക് അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ്, നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പദവികളില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. കെന്നത്ത് ജസ്റ്ററിന്റെ നിയമനം യു എസ് സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

ട്രംപ് യു എസ് പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്ന് ജനുവരി 20 മുതല്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2001 മുതല്‍ 2005 വരെ കൊമേഴ്‌സ് അണ്ടര്‍ സെക്രട്ടറി, 1992 -1993 ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വെതല്‍ഹെഡ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ചെയര്‍മാന്‍, ഏഷ്യ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പദവികളിലും കെന്നത്ത് ജസ്റ്റര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

DONT MISS
Top