ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി; തീയതി നീട്ടിയത് ഡിസംബര്‍ 31 വരെ

പ്രതീകാത്മക ചിത്രം

ദില്ലി : വിവിധ പദ്ധതികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 31 വരെയാണ് തീയതി നീട്ടിയത്. ആധാറിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്.

മൂന്നാം തവണയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ആദ്യം ജൂണ്‍ 30 ആയിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് അവസാന തീയതി സെപ്തംബര്‍ 30ലേക്ക് മാറ്റുകയായിരുന്നു.

ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതി നീട്ടിയ സാഹചര്യത്തില്‍ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. എജിയുടെ വാദത്തോട് പരാതിക്കാരുടെ അഭിഭാഷകനായ ശ്യാം ദിവാനും യോജിച്ചു. ഇതേത്തുടര്‍ന്ന് ഇതേത്തുടര്‍ന്ന് ആധാര്‍ സംബന്ധമായ കേസുകളില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി.

കേന്ദ്രസര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ആധാര്‍, ഐഡന്റിറ്റി പ്രൂഫായി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുപ്പതോളം സര്‍ക്കാര്‍ പദ്ധതികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കുമാണ് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിച്ചത്.

DONT MISS
Top