ഹണിപ്രീതിന് തിരിച്ചടി; മകന്‍ ജസ്മീത് ഇന്‍സാന്‍ ഗുര്‍മീതിന്റെ പിന്‍ഗാമി

ഗുര്‍മീത്, ജസ്മീത് ഇന്‍സാന്‍ ( ഫയല്‍ ചിത്രം )

ദില്ലി : ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ഗുര്‍മീത് രാം റഹിം സിംഗ് തടവറയ്ക്കുള്ളിലായതോടെ, ദേരാ സച്ചാ സൗദയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഗുര്‍മീതിന്റെ ഏറ്റവും അടുത്തയാളും വളര്‍ത്തുമകളുമായ ഹണിപ്രീത് ഇന്‍സാന്‍ ദേര സച്ചയുടെ പുതിയ മേധാവിയാകുമെന്നായിരുന്നു പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്.

എന്നാല്‍ മകന്‍ ജസ്മീത് ഇന്‍സാനെ ദേര സച്ചാ സൗദയെന്ന തന്റെ അത്മീയ പ്രസ്ഥാനത്തിന്റെ ചുമതല ഏല്‍പ്പിക്കാനാണ് ഗുര്‍മീതിന്റെ തീരുമാനം. ഗുര്‍മീത് റാം റഹിമിന്റെ അമ്മ നസീബ് കൗര്‍, ഭാര്യ ഹര്‍ജിത് കൗര്‍ എന്നിവര്‍ കഴിഞ്ഞദിവസം ജയിലിലെത്തി ജസ്മീത് ഇന്‍സാനിന്റെ നിയമനത്തിന് അംഗീകാരം നേടുകയായിരുന്നു.

ദേരാ സച്ചാ സൗദയുടെ ദൈനംദിന നടത്തിപ്പുകളുടെ ചുമതലയുള്ള ദേരാ മാനേജര്‍ പദവിയായാണ് ജസ്മീതിന് നല്‍കിയിട്ടുള്ളത്. ജയിലിലാണെങ്കിലും ദേരാ സച്ചാ സൗദയുടെ തലവനായി ഗുര്‍മീത് റാം റഹിം സിംഗ് തുടരും. ഗുര്‍മീതിന്റെ ബന്ധുവായ ഭൂപീന്ദര്‍ സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ തീരുമാനത്തോടെ, ഗുര്‍മീതിന്റെ കോടിക്കണക്കിന് വരുന്ന ആസ്തികളും സ്വത്തു വകകളും ജസ്മീതിന്റെ ചുമലിലേക്കെത്തി. ആഢംബര വാഹനങ്ങള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം എന്നിവ അടക്കം അടങ്ങുന്നതാണ് ദേര സച്ചയുടെ സിര്‍സയിലെ പ്രധാന കേന്ദ്രം. ഇതിന് പുറമെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കോടികളുടെ സ്വത്തുവകകള്‍ ദേര സച്ചയ്ക്കുണ്ട്.

ദേരാ സച്ച സൗദയുടെ ഇതുവരെയുള്ള കീഴ് വഴക്കത്തിന്റെ ലംഘനം കൂടിയാണ് ജസ്മീതിന്റെ നിയമനം. ഇതുവരെ ഗുരുവിന്റെ കുടുംബാംഗങ്ങളെ ദേരയുടെ പിന്‍ഗാമിയായി നിയമിക്കാറില്ല. ഇതാണ് ഗുര്‍മീത് മാറ്റിയത്. കോണ്‍ഗ്രസ് നേതാവ് ഹര്‍മീന്ദര്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ജസ്മീത്.

ഗുര്‍മീത് സിംഗിനൊപ്പം അമര്‍പ്രീത്, ജസ്മീത് സിംഗ് ഇന്‍സാന്‍, ഹണി പ്രീത്, ചരണ്‍ജിത് തുടങ്ങിയവര്‍

ദേരാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്‍മക്കളും. മകന്‍ ജസ്മീത് സിംഗ് ഇന്‍സാന്‍ ബിസിനസുകാരനാണ്. പെണ്‍മക്കളായ ചരണ്‍ജിത്, അമര്‍പ്രീത് എന്നിവര്‍ വിവാഹിതരാണ്. ജസ്മീതിനെ കൂടാതെ, വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍, ദേര സച്ചയുടെ പ്രധാനികളിലൊരാളായ ഗുരു ബ്രഹ്മചാരി വിപാസന എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടത്.

ഗുര്‍മീത് തലവനായ ദേരാ സച്ചാ സൗദ എന്ന ആത്മീയ സംഘടന പാക് പ്രവശ്യയായ ബലൂചിസ്താനില്‍ ഷാ മസ്താന 1948ല്‍ ആരംഭിച്ചതാണ്. ഷാ മസ്താനയ്ക്കുശേഷം 1960 മുതല്‍ ഷാ സത്‌നം തലവനായി. സത്‌നത്തിന്റെ ഭക്തനായിരുന്നു ഗുര്‍മീതിന്റെ പിതാവ്. 1990 സെപ്തംബര്‍ 23നാണ് സത്‌നം തന്റെ പിന്‍ഗാമിയായി ഗുര്‍മീത് റാം റഹീമിനെ പ്രഖ്യാപിച്ചത്. 1948ല്‍ ആരംഭിച്ച ദേരയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഗുരുവിന്റെ കുടുംബാംഗങ്ങളെ അടുത്ത അവകാശിയായി തെരഞ്ഞെടുക്കാറില്ല.

DONT MISS
Top