‘താമസിക്കുന്ന ഇടം അപ്പാടെ കൈപ്പിടിയില്‍; പൊലീസിന് സ്ഥാനം പുറത്ത്; നാട്ടുകാരെ വലച്ച ‘വെള്ളച്ചാട്ട പൂതി’; കേരളത്തില്‍ ‘ആള്‍ദൈവം’ ചെലവഴിച്ചത് ഇങ്ങനെ

കോട്ടയം: ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ കേരള യാത്രകളും ചര്‍ച്ചയാകുന്നു. കേരളത്തിന്റെ തനത് സൗന്ദര്യമാസ്വദിക്കുന്നതിനൊപ്പം ചില പ്രത്യേകത താല്‍പര്യങ്ങളും റാം റഹീമിന്റെ യാത്രകളില്‍ ഉണ്ടായിരുന്നു. ആ താല്‍പര്യങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്താന്‍ പൊലീസിനോ ഇന്റലിജന്‍സ് വിഭാഗത്തിനോ ഇനിയും കഴിഞ്ഞിട്ടില്ല. തന്റെ കേരള യാത്രകളില്‍ ഗുര്‍മീതിന് ഏറെ പ്രിയപ്പെട്ട ഇടങ്ങള്‍ മൂന്നാറും വാഗമണ്ണുമായിരുന്നു. വരുമ്പോഴും പോകുമ്പോഴും എന്തെങ്കിലുമൊക്കെ ഗുര്‍മീത് മാറ്റിവെച്ചിട്ടുണ്ടാകും, മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍. കേരളത്തിലെ പൊലിസുകാര്‍ക്കും ചില്ലറ തലവേദനയല്ല ഗുര്‍മീത് ഉണ്ടാക്കിയിരിക്കുന്നത്. ഗുര്‍മീത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ കേരളത്തിലെ ജനങ്ങളും ഗുര്‍മീതിനെ ഓര്‍ത്തെടുക്കുകയാണ്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2010 ജൂണിലാണ് ഗുര്‍മീത് ആദ്യമായി മൂന്നാറിലെത്തുന്നത്. നൂറ് സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ പ്രത്യേക സജ്ജീകരണങ്ങളുള്ള അത്യാഢംബര ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍, തോക്കുധാരികള്‍ക്ക് നടുവില്‍ ഗുര്‍മീതിന്റെ യാത്ര ഒരു കൗതുക കാഴ്ചയായിരുന്നു. ഒന്‍പത് ദിവസം മൂന്നാറിലും ഒരു ദിവസം തേക്കടിയിലും ചെലവഴിച്ച ശേഷമായിരുന്നു ഗുര്‍മീത് മടങ്ങിയത്. ഉത്തരേന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ആള്‍ദൈവത്തിന് നമുക്കിടയില്‍ എന്താണ് കാര്യമെന്ന് ചിന്തിച്ചവര്‍ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ചിലര്‍ക്ക് ഈ വന്നിരിക്കുന്നത് ആരാണെന്ന് പോലും മനസിലായിരുന്നില്ല. ധ്യാനത്തിനും സുഖവാസത്തിനും ഷൂട്ടിങിനുമായാണ് ഗുര്‍മീത് എത്തിയതെന്ന് പറഞ്ഞു കേട്ടെങ്കിലും അവയൊന്നും ആരും അപ്പാടെ വിഴുങ്ങിയില്ല. അതു കണ്ടെത്താന്‍ പൊലീസും ഉത്സാഹം കാട്ടിയില്ല എന്നതാണ് വാസ്തവം.

താമസിക്കുന്ന ഇടം അപ്പാടെ കൈയടക്കുന്ന രീതിയാണ് ഗുര്‍മീതിന്റേത്. എത്ര തുകമുടക്കിയും എവിടെയാണോ താമസിക്കാനുദ്ദേശിക്കുന്നത് അവിടം കീശയിലാക്കും. മൂന്നാറില്‍ എത്തിയപ്പോള്‍ ഇത്തരത്തില്‍ അന്‍പതോളം റിസോര്‍ട്ടുകള്‍ കൈയടക്കിയായിരുന്നു ഗുര്‍മീതും സംഘവും താമസിച്ചത്. പുറത്തു നിന്നുള്ള ആരെയും ഇവിടെ പ്രവേശിപ്പിക്കില്ല. പൊലീസുകാര്‍ വന്നാല്‍ സ്ഥാനം പുറത്ത്. ആള്‍ദൈവത്തിന്റെ സുരക്ഷാഭടന്മാരുടെ നിയന്ത്രണത്തിലാകും റിസോര്‍ട്ടും അതിന് ചുറ്റുമുള്ള ഇടങ്ങളും.

ഗുര്‍മീതിന്റെ അകമ്പടി വാഹനങ്ങള്‍ രണ്ട് അപകടങ്ങളാണ് മൂന്നാര്‍, തേക്കടി യാത്രക്കിടെ ഉണ്ടാക്കിയത്. മൂന്നാര്‍ പോതമേടിനടുത്ത് റിസോര്‍ട്ട് ജീവനക്കാരനെ ഇടിച്ച് തെറിപ്പിച്ചതാണ് ആദ്യ സംഭവം. രോഷാകുലരായ നാട്ടുകാര്‍ ഗുര്‍മീതിന്റെ വാഹനം തടങ്ങു. ചികിത്സ നല്‍കാതെ പോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ അവര്‍ക്ക് വഴങ്ങേണ്ടിവന്നു ഗുര്‍മീതിനും സംഘത്തിനും. മൂന്നാറില്‍ നിന്നും തേക്കടിയിലേക്ക് പോകും വഴിയായിരുന്നു രണ്ടാമത്തെ അപകടം. പെട്ടിക്കട നടത്തുന്ന കട്ടപ്പന സ്വദേശിയെ വാഹം ഇടിച്ചു വീഴ്ത്തി. വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയുമില്ല. അപകടത്തില്‍പ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാമെന്നേറ്റ നഷ്ടപരിഹാരം ഇന്നും നാമാവശേഷം.

വെള്ളച്ചാട്ടം കണ്ട് പൂതി തോന്നി കുളിക്കാനിറങ്ങിയ ഗുര്‍മീത് സഞ്ചാരികളേയും പൊലീസിനേയും വലച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്. മൂന്നാറില്‍ നിന്നും തേക്കടിയിലേക്കുള്ള യാത്രക്കിടെ മറയൂര്‍ പാതയിലുള്ള ലക്കം വെള്ളച്ചാട്ടം കണ്ടപ്പോഴായിരുന്നു ഞൊടിയിടയിലുള്ള ആഗ്രഹം ഗുര്‍മീതിന്റെ മനസില്‍ കയറി കൂടിയത്. പൊലീസിനോടും അനുയായികളോട് പറഞ്ഞ് സഞ്ചാരികളെ പരിസരത്തു നിന്നും ഓടിച്ചു. രാവിലെ ഒന്‍പതുമണിക്ക് തുടങ്ങിയ ‘കുളി’ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കഴിഞ്ഞത്. വിശാല കുളിയുടെ സംതൃപ്തിയില്‍ മനസു നിറഞ്ഞ് മടങ്ങുകയും ചെയ്തു.

2014 ലാണ് ഗുര്‍മീത് അവസാനമായി ഇടുക്കിയിലെത്തുന്നത്. ആളുകളെ എങ്ങനെ കൈയിലെടുക്കണമെന്ന് വ്യക്തമായ ധാരണയുള്ള ഗുര്‍മീത് (പത്ത് ലക്ഷത്തോളം അനുയായികള്‍ വെറുതെയല്ല) മെഡിക്കല്‍ ക്യാമ്പിലൂടെയും തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും നാട്ടുകാര്‍ക്കിടയില്‍ പേരു സമ്പാദിച്ചു. കൈകൂപ്പിയവര്‍ക്ക് നേരെ അനുഗ്രഹം ചൊരിഞ്ഞു. ആശ്രമം സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനാണ് ആള്‍ദൈവം എത്തിയതെങ്കും എന്തുകൊണ്ടോ അത് നടന്നില്ല. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പല വാഗ്ദാനങ്ങളും ഉയര്‍ത്തിപ്പിടിച്ചെങ്കിലും അത് വാക്കുകളില്‍ ഒതുങ്ങി. ഇതിനിടെ കേരളത്തിന്റെ പലയിടങ്ങളിലും ഗുര്‍മീത് തന്റെ വരവറിയിച്ചു. ആലപ്പുഴയും വയനാടും ഗുര്‍മീതിന്റെ ഇഷ്ട ഇടങ്ങളാണെന്നാണ് അറിയുന്നത്.

DONT MISS
Top