ഓറിയോ ഇനിവെറുമൊരു ബിസ്‌കറ്റ് മാത്രമല്ല; പരിചയപ്പെടാം പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനെ

പ്രതീകാത്മക ചിത്രം

ആന്‍ഡ്രോയ്ഡ് ‘ഒ’ എന്നാലെന്താണ് എന്ന ആകാംഷകള്‍ക്കിടയില്‍ പ്രതീക്ഷിച്ചതുപോലെതന്നെ ഗൂഗിള്‍ തങ്ങളുടെ പുതിയ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റിന് ‘ഓറിയോ’ എന്ന് പേരിട്ടു. ഇതുവരെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ ഏറ്റവും മികച്ചത് എന്ന പതിവ് വാഗ്ദാനവും പേറിയാണ് പതിവുപോലെ ഈ വെര്‍ഷനും എത്തുന്നത്.

നിരവധി പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഓറിയോയുടെ ഏറ്റവും മികച്ച പ്രത്യേകത വേഗതയാണ്. ബൂട്ടിംഗ് സമയത്തില്‍ അപാരമായ മാറ്റം അനുഭവിച്ചുതന്നെ അറിയാനാകും. ബാക്ഗ്രൗണ്ടിലെ ആപ്ലിക്കേഷനുകള്‍ പരമാവധി റാം ഉപയോഗിക്കാത്ത രീതിയില്‍ അമര്‍ത്തി വയ്ക്കാനും ഒഎസ് മുന്‍കൈ എടുക്കും. റാം ക്ലീന്‍ ചെയ്യാനും വേഗത വര്‍ദ്ധിപ്പിക്കാനും വേണ്ടി മാത്രമുള്ള പല സൗകര്യങ്ങളും ഓറിയോയിലുണ്ട്.

കൂടുതല്‍ മികച്ച നോട്ടിഫിക്കേഷന്‍ ഒപ്ഷനുകളും ഏത് ആപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ടും യുടൂബ് ഉപയോഗിക്കാവുന്ന സൗകര്യവും ഓറിയോയില്‍ കാണും. ആപ്പിലേക്ക് പ്രവേശിക്കാതെ തന്നെ മെസ്സേജുകളും നോട്ടിഫിക്കേഷനും കാണാനുളള സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ചില സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ആന്‍ഡ്രോയ്ഡ് കൊണ്ടുവന്നിട്ടുണ്ട്.

ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഒരു വലിയ കാര്യം. മിക്ക ഫോണുകളിലും ഉണ്ടെന്ന കാരണത്താല്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറിനെ ഒരു അടിസ്ഥാന ഫോണ്‍ പാര്‍ട്ടായി കണ്ട് തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഓറിയോ വരുന്നത്. നേരത്തെ സെറ്റ് ചെയ്ത സ്ഥലത്ത് വരുമ്പോള്‍ മാത്രം ഓണാകുന്ന വൈഫൈയും ബ്ലൂടൂത്ത് 5.0 വരുന്നതിനുമുമ്പേ പിന്തുണയുമെല്ലാമായി ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലെ ‘സ്മാര്‍ട്ട് പയ്യന്‍സാണ്’ ഓറിയോ.

ആദ്യമേ തെരഞ്ഞെടുത്ത ഫോണുകളില്‍ മാത്രം ലഭ്യമായിത്തുടങ്ങുന്ന ഓറിയോ പിന്നീട് ഫോണുകളില്‍ വന്നുതുടങ്ങും. ഗൂഗിള്‍ പിക്‌സലിലും മറ്റും ഒഎസ് ടെസ്റ്റിംഗ് നടക്കുന്നതേയുള്ളൂ. ആദ്യം അപ്‌ഡേറ്റ് നല്‍കുന്നത് ഏത് കമ്പനിയാകുമെന്ന് വ്യക്തമല്ല എങ്കിലും നോക്കിയ 8, വണ്‍ പ്ലസ് 5 മുതലായവരെല്ലാം ‘ഒ’ നല്‍കുമെന്ന് അറിയിച്ചവരാണ്. ഏത് കോണ്‍ഫിഗറേഷനാണ് ഏറ്റവും കുറഞ്ഞത് ഓറിയോയ്ക്ക് വേണ്ടത് എന്നും വരും ദിവസങ്ങളില്‍ വ്യക്തമാകും.

DONT MISS
Top