മുത്തലാഖ് വിധി: കത്തിലൂടെയും ഫോണിലൂടെയും മൊഴി ചൊല്ലപ്പെട്ടവരുടെ വിവാഹ മോചനം അസാധുവായെന്ന് അഭിഭാഷകര്‍

ദില്ലി: മുത്തലാഖിലൂടെ മൊഴി ചൊല്ലാനുളള മുസ്ലീം പുരുഷന്റെ അവകാശം ഭരണാഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെ നിലവില്‍ കത്തിലൂടെയും ഫോണിലൂടെയുമെല്ലാം മുത്തലാഖ് ചൊല്ലി നേടിയ വിവാഹമോചനങ്ങള്‍ അസാധുവായെന്ന് അഭിഭാഷകര്‍. മുത്തലാഖ് ചൊല്ലി നേടിയ വിവാഹമോചനം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തരം വിവാഹ ബന്ധങ്ങള്‍ പുനസ്ഥാപിക്കണമെന്നും അഭിഭാഷകര്‍ പറയുന്നു.

തങ്ങളുടെ സമ്മതം കൂടാതെയും നേരത്തെ അറിയിക്കാതെയും പെട്ടന്നൊരു ദിവസം മുത്തലാഖ് ചൊല്ലിയെന്നും അതിനാല്‍ വിവാഹ മോചനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇതുവരെ അഞ്ച് സ്ത്രീകളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കത്തുകളിലൂടെയും ഫോണിലൂടെയുമൊക്കെയുള്ള മൊഴി ചൊല്ലല്‍ ഭരണാഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് മൊഴി ചൊല്ലപ്പെട്ടവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മുത്തലാഖ് വിഷയത്തിലെ ചരിത്രപരമായ വിധിയിലൂടെ വാട്ട്‌സാപ്പിലൂടെയും ഫോണിലൂടെയും കത്തിലൂടെയുമൊക്കെ മൊഴി ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകള്‍ക്ക് പുതിയ ജീവിതം തുറന്നു കൊടുത്തിരിക്കുകയാണ് സുപ്രീം കോടതി. മുത്തലാഖ് അസാധുവാണെന്നും നിയമവിരുദ്ധമാണെന്നുമായിരുന്നു സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിപ്പിച്ചത്.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതി. ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ശരിയല്ലെന്നും ഇതിന് നിയമസാധുതയില്ലെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഇത് അസാധുവും നിയമവിരുദ്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു കോടതി വാദം കേട്ടതും വിധി പറഞ്ഞതും. മുത്തലാഖ് സംബന്ധിച്ച വിധിപ്രസ്താവത്തില്‍ അഞ്ചംഗ ബെഞ്ചില്‍ അഭിപ്രായ സമന്വയം ഉണ്ടായില്ല. ആറുമാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ ആറുമാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണം നടത്തണം. ഇതുണ്ടായില്ലെങ്കില്‍ നിരോധനം വീണ്ടും തുടരുമെന്നും കോടതി വ്യക്തമാക്കി.

DONT MISS
Top