ബ്ലൂവെയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗൂഗിളിനോടും ഫെയ്‌സ്ബുക്കിനോടും നിലപാട് ആരാഞ്ഞ് കോടതി

പ്രതീകാത്മക ചിത്രം

ദില്ലി: അമ്പത് ടാസ്‌കുകള്‍ കൊണ്ട് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കൊലയാളി ഗെയിം ബ്ലൂ വെയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിവയോട് നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെയും ഡല്‍ഹി പൊലീസിന്റെയും അഭിപ്രായവും ഹൈക്കോടതി ആരാഞ്ഞു.

ബ്ലൂ വെയില്‍ ഗെയിമിന് അടിപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തതിനെതതുടര്‍ന്നാണ് കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ ഇന്റര്‍നെറ്റില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ബ്ലൂവെയില്‍ ലിങ്കുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമ്പത് ടാസ്‌കുകള്‍ കൊണ്ട് കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ഗെയിം എന്നാണ് ബ്ലൂവെയില്‍ അറിയപ്പെടുന്നത്. അതേസമയം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപ്പോലും അവസാന ചലഞ്ചിലൂടെ ആത്മഹത്യ ചെയ്യിപ്പിക്കാന്‍ ബ്ലൂവെയിലിന് കഴിയുന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്ന് കോടതി വിലയിരുത്തി.

DONT MISS
Top