‘മുസ്‌ലീം സ്ത്രീകള്‍ക്ക് ഇത് ചരിത്ര ദിനം’; മുത്തലാഖിനെതിരെ പൊരുതിയ സൈറ ബാനു പറയുന്നു

സൈറ ബാനു

ദില്ലി: മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 35 കാരിയായ സൈറ ബാനു നടത്തിയ പോരാട്ടം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. തലാഖ് ചൊല്ലി ഭാര്യാ-ഭര്‍തൃ ബന്ധം വേര്‍പെടുത്തി പുരുഷന് തുടര്‍ വിവാഹം അനുവദിക്കുന്ന നിയമം എടുത്തുകളേണ്ട കാലം അതിക്രമിച്ചിടത്താണ് സുപ്രീംകോടതിയുടെ ആശ്വാസകരമായ വിധിയെത്തിയിരിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവ് തന്നെ വേണ്ടെന്നുവെച്ചപ്പോള്‍ സൈറ ബാനു തളര്‍ന്നു പോയിരുന്നു. അവിടെ നിന്നും ഉയര്‍ന്നെഴുന്നേറ്റപ്പോള്‍ രാജ്യത്തെ മുഴുവന്‍ മുസ്‌ലീം സ്ത്രീകള്‍ക്കും വേണ്ടി പോരാടാനുള്ള ശക്തി അവര്‍ നേടിക്കഴിഞ്ഞിരുന്നു.

മുസ്‌ലീം സ്ത്രീകളെ സംബന്ധിച്ച് ഇത് ചരിത്രദിനമാണെന്ന് സുപ്രീംകോടതിയുടെ വിധി പുറത്തുവന്ന ശേഷം സൈറ പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും സൈറ എഎന്‍ഐയോട് പ്രതികരിച്ചു.

അലഹബാദില്‍ വസ്തുക്കച്ചവടക്കാരനായ ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദ് 2015 ഒക്ടോബര്‍ പതിനഞ്ചിനാണ് സൈറ ബാനുവുമായി മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയത്. മാതാപിതാക്കളെ കാണാന്‍ സ്വഗൃഹത്തില്‍ പോയ സാഹചര്യത്തിലായിരുന്നു സംഭവമുണ്ടായത്. തുടര്‍ന്ന് 2016 ഫെബ്രുവരി 23 ന് മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സൈറ ബാനു സുപ്രീംകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മക്കളായ ഇര്‍ഫാനേയും (13) മുസ്‌കാനേയും (11) അഹമ്മദ്, സൈറയില്‍ നിന്നും അകറ്റിയിരുന്നു. ഇത് സൈറയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിടയാക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top