സ്വാശ്രയ പ്രതിസന്ധി: സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറിയെന്ന് ഹൈക്കോടതി

കേരള ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് കുറ്റപ്പെടുത്തിയ കോടതി പല കോളെജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി.

പ്രവേശന പരീക്ഷാ കമ്മീഷണര്‍ കോടതി ഉത്തരവുകളെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ഇങ്ങനെയാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.

തുടര്‍ച്ചായ രണ്ടാം ദിനമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം നേരിടുന്നത്. കഴിഞ്ഞ ദിവസവും രൂക്ഷവിമര്‍ശനമായിരുന്നു കോടതി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. കോളെജുകളിലെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ലളിതമായി പരിഹരിക്കേണ്ടിയിരുന്ന വിഷയം എല്ലാവരും ചേര്‍ന്ന് സങ്കീര്‍ണമാക്കിയെന്നും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക ആരും പരിഗണിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിര്‍ണയിച്ച രാജേന്ദ്ര ബാബു കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാനേജ്‌മെന്റുകളും പ്രവേശന പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

DONT MISS
Top