ബ്ലൂ വെയില്‍ അപകട സാധ്യതകളെ മറി കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

ഗുഡ്ഗാവ്: ലോകം മുഴുവന്‍ ഭീഷണിയായി മാറുന്ന ബ്ലൂ വെയില്‍ ഗെയിമുകളുടെ പിടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ അവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കാനുള്ള തീരുമാനവുമായി ഹരിയാന സര്‍ക്കാര്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് സംസ്ഥാന ചില്‍ഡ്രന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

അടുത്തിടെ ഏറ്റവും ആവര്‍ത്തിച്ചു കേട്ട വാര്‍ത്തകള്‍ ബ്ലൂ വെയില്‍ ഓണ്‍ലൈന്‍ ഗെയിം സംബന്ധിച്ചുളളതായിരുന്നു. കുട്ടികളെ വളരെ വേഗം അടിമപ്പെടുത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒടുവില്‍ അവരുടെ ജീവന്‍ തന്നെ അപഹരിച്ചു തുടങ്ങിയപ്പോഴാണ് ബ്ലൂവെയിലിന്റെ ഭീകരതയെക്കുറിച്ച് ലോകമൊട്ടാകെ ശ്രദ്ധിച്ചു തുടങ്ങിയത്. വിവിധയിടങ്ങളിലായി നിരവധി കുട്ടികളാണ് ഗെയിമിനൊടുവില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്.

അമ്പത് ടാസ്‌കുകള്‍ അടങ്ങുന്ന ഗെയിമില്‍ ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരെ ആവേശത്തിലാക്കുന്ന ചലഞ്ചുകളാണ് നല്‍കുന്നത്. പതിയെ ഗെയിമിന്റെ ഭാവം മാറുകയും പിന്നീട് ക്രൂരമായ ചലഞ്ചുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഓരോ ചലഞ്ചും പൂര്‍ത്തിയാക്കുമ്പോള്‍ മികച്ച പ്രോത്സാഹനം ലഭിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടക്കത്തില്‍ എല്ലാവരും താല്‍പര്യം കാണിക്കും.

ഏറ്റവുമൊടുവിലായി ചലഞ്ച് ഏറ്റെടുത്തയാളിന്റെ ആത്മഹത്യയാണ് അഡ്മിന്‍ ആവശ്യപ്പെടുന്നത്. ഇതിനകം തന്നെ ഗെയിം കളിക്കുന്ന ആളുടെ മുഴുവന്‍ വിവരങ്ങളും അഡ്മിന്‍ അറിഞ്ഞു വെച്ചിരിക്കുന്നതിനാല്‍ ഭീഷണി ഭയന്ന് അവസാനത്തെ ചലഞ്ച് ഏറ്റെടുത്ത് ആത്മഹത്യ ചെയ്യാനും വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നു.

ഈ രീതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സിലിംഗ് നടത്താന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സ്വകാര്യ സ്‌കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കും.

അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കുക. ബ്ലൂവെയില്‍ അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിം ചലഞ്ചുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം. സ്വഭാവ വൈകൃതം പ്രകടിപ്പിക്കുന്ന കുട്ടികളെ അധ്യാപകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ചില്‍ഡ്രന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

DONT MISS
Top