അണ്ണാഡിഎംകെ ലയനം: നേതൃത്വങ്ങള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് കമലഹാസന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെയും, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗങ്ങളുടെ ലയനത്തെ പരിഹസിച്ച് നടന്‍ കമലഹാസന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പികളാണ് ഇരിക്കുന്നതെന്നും ഇത് ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കമലഹാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ലയനത്തോടുള്ള അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള പ്രതികരണം.

ഇതിന്മുന്‍പും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമലഹാസന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം അഴിമതിയാണെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും കമലഹാസന്‍ വിമര്‍ശിച്ചിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയ രംഗങ്ങളെ വിമര്‍ശിച്ചും അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.  തമിഴ്‌നാട്ടില്‍ കുതിരകച്ചവടം അനുവദിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ചെന്നൈയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പളനിസ്വാമിയും പനീര്‍സെല്‍വവും സംയുക്തമായാണ് ലയന പ്രഖ്യാപനം നടത്തിയത്. എഐഎഡിഎംകെ വിഭാഗങ്ങള്‍ ലയിച്ചതോടെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടായ പാര്‍ട്ടി വീണ്ടും ഒന്നായിരിക്കുകയാണ്. ലയനത്തോടെ പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി പദത്തിലെത്തും.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മാസങ്ങളായി രണ്ട് ധ്രുവങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അണ്ണാഡിഎംകെയില്‍ മുഖ്യമന്ത്രി എടപ്പാടി പളിനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(അമ്മ) വിഭാഗവും മുന്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നേതൃത്വം നല്‍കുന്ന മറുവിഭാഗവും തമ്മിലുള്ള ലയന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങലായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവിഭാഗങ്ങളുടെയും ലയനം സംബന്ധിച്ച് ഇതിന് മുന്‍പും പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top