ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു; അമ്മയുടെ കൈയില്‍ കിടന്ന് മൂന്നുവയസുകാരന് ദാരുണാന്ത്യം

മരിച്ച കുഞ്ഞുമായി പോകുന്ന യുവതി

റാഞ്ചി: ആംബുലന്‍സ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ അമ്മയുടെ കൈയില്‍ കിടന്ന് മൂന്നുവയസുകാരന് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയ്ക്ക് സമീപമാണ് സംഭവം.

റാഞ്ചി സദര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് രോഗബാധിതനായ കുഞ്ഞിനെ കൈയിലെടുത്ത് അമ്മ നടന്നുപോകുകയായിരുന്നു. യാത്രയ്ക്കിടെ ഗുംലയില്‍ വച്ച് കുട്ടിക്ക് മരണം സംഭവിച്ചു. സദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കുട്ടി.

മരിച്ചകുഞ്ഞുമായി കരഞ്ഞുകൊണ്ട് യുവതി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് യുവതി വിവരങ്ങള്‍ അറിയിച്ചത്. പിന്നീട് നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ട്രക്കില്‍ യുവതി കുഞ്ഞിന്റെ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലെത്തുകയായിരുന്നു.

ഗുംലയിലെ നാട്ടുകാര്‍ വിവരം പൊലീസിലും അറിയിച്ചിരുന്നു. കുട്ടിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍, കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് സദര്‍ ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ യുവതി എടുത്തുകൊണ്ടു പോകുകയായിരുന്നു എന്ന് ഡോക്ടര്‍ ആര്‍എന്‍ യാദവ് പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കാതെ യുവതി കുഞ്ഞിനെ എടുത്തുകൊണ്ടുപോയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആംബുലന്‍സ് നിഷേധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top