ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി ടി എച്ച് മുസ്തഫയുടെ ജീവചരിത്രം; പ്രകാശനം ചെയ്തത് ആന്റണി

ഉമ്മന്‍ ചാണ്ടി, ടി എച്ച് മുസ്തഫ, രമേശ് ചെന്നിത്തല

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുടെ ജീവചരിത്രം. 1996 ന് ശേഷം ഉമ്മന്‍ചാണ്ടി തന്നോട് പകയോട് പെരുമാറിയെന്ന് മുസ്തഫയുടെ ജീവചരിത്രത്തില്‍ പറയുന്നു. കെപിസിസി അധ്യക്ഷനായി വന്ന മുരളീധരന്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി അതിന് സഹായകരമായ നിലപാടെടുത്തുവെന്നും മുസ്തഫ വ്യക്തമാക്കുന്നു.

താന്‍ കൈപിടിച്ചുയര്‍ത്തിയ നേതാവാണ് രമേശ് ചെന്നിത്തല. താന്‍ പിന്തുണ നല്‍കിയിട്ടും ഉന്നത സ്ഥാനത്തെത്തിയപ്പോള്‍ രമേശ് ചെന്നിത്തല തന്നെ തഴഞ്ഞുവെന്നും മുസ്തഫ വ്യക്തമാക്കുന്നു. മുസ്തഫ കൂടി പ്രതിയായ പാമൊലിന്‍ കേസ്, ചാരക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റണിയാണ് ജീവചരിത്രം പ്രകാശനം ചെയ്തതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

കരുണാകരന്‍ മന്ത്രിസഭയില്‍ മുസ്തഫ ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴാണ് പ്രമാദമായ പാമൊലിന്‍ ഇടപാട് നടക്കുന്നത്. തന്റെ അനുമതി കൂടാതെയാണ് പാമൊലിന്‍ ഇടപാട് നടക്കുന്നത്. പത്മകുമാറും സക്കറിയ മാത്യുവും ജി ജി തോംസണും പാമൊലിന്‍ ഇടപാടുമായി വന്നപ്പോള്‍ വാങ്ങരുതെന്ന് നിര്‍ബന്ധമായി പറഞ്ഞു. ഇറക്കുമതി കരാര്‍ താന്‍ കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും മുസ്ഫയുടെ ജീവചരിത്രത്തില്‍ പറയുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസിന്റെ കഥ എഴുതിയത് സി ഐ ആയിരുന്ന രാജന്‍ ആണെന്നാണ് മറ്റൊരു ആരോപണം. മറിയം റഷീദ ലൈംഗിക ചൂഷണത്തിന് വഴങ്ങാത്തതാണ് അതിന് കാരണംമെന്നും ജീവചരിത്രത്തില്‍ പറയുന്നു.

1991 ഡിസംബര്‍ 15 ന് പാലക്കാട് പുതുപ്പള്ളിയില്‍ പൊലീസ് നടത്തിയ വെടിവെയ്പില്‍ സിറാജുന്നീസ എന്ന മുസ്‌ലീം ബാലിക കൊല്ലപ്പെട്ട സംഭവം ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ട ഡിഐജി രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുസ്‌ലീം ലീഗ് കരുണാകരനോട് ആവശ്യപ്പെട്ടിരുന്നു. കരുണാകരന്‍ തയ്യാറാകാത്തതിന്റെ അരിശം ശ്രീവാസ്തവയിലേക്ക് കൂടി ചാര കേസ് പടര്‍ത്താന്‍ ഇടയാക്കിയെന്നും ജീവചരിത്രത്തില്‍ പറയുന്നു.

നില നില്‍പിന് വേണ്ടിയുള്ള രാഷ്ത്രീയ തന്ത്രങ്ങളിലൊക്കെ വശമുള്ള ആളാണെങ്കിലും ആരോടും വിദ്വേഷം വെച്ചുപുലര്‍ത്താത്ത ആളാണ് ആന്റണിയെന്നും ജീവചരിത്രത്തില്‍ പറയുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top