മമ്മൂട്ടിയും മോഹന്‍ലാലും ആ ആള്‍ക്കൂട്ടം കണ്ട് കരഞ്ഞ്കാണും, മലയാളികളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്: രാം ഗോപാല്‍ വര്‍മ

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ കേരള സന്ദര്‍ശനം ഇന്ത്യമുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊച്ചിയിലെത്തിയ സണ്ണിയെ കാണാന്‍ തടിച്ചുകൂടിയ ജനത്തെ കണ്ട അമ്പരപ്പ് ഇനിയും പലര്‍ക്കും വിട്ടുമാറിയിട്ടില്ല. ആയിരങ്ങളാണ് കൊച്ചി എംജി റോഡില്‍ സണ്ണിയെ കാണാന്‍ തടിച്ചുകൂടിയത്. ഈ ജനാരവം സണ്ണിയെപ്പോലും അത്ഭുതപ്പെടുത്തി. ഇത്തരമൊരു സ്വീകരണം താരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഈ ആള്‍ക്കൂട്ട മനശാസ്ത്രത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. ഇതില്‍ സിനിമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കൊട്ട് കൊടുത്തുകൊണ്ടാണ് വര്‍മയുടെ പ്രതികരണം. സണ്ണിയെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകാമെന്നാണ് ആര്‍ജിവിയുടെ വാക്കുകള്‍. “ഇത്രയേറെ ആളുകള്‍ വരുമെന്ന് അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ച് കാണില്ല. കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു”. വര്‍മ പറഞ്ഞു.

ഈ മാസം 17 നാണ് എംജി റോഡിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയത്. സണ്ണിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെ എംജി റോഡ് മണിക്കൂറുകളോളം സ്തംഭിച്ചു. അടുത്തുള്ള കെട്ടിടങ്ങളുടെയും മരത്തിന്റെയും എന്തിന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെയും മുകളില്‍ ശ്രമപ്പെട്ട് കയറി നിന്നാണ് പലരും താരത്തെ ഒരുനോക്ക് കണ്ടത്. തന്നോട് കാട്ടിയ ഈ സ്‌നേഹത്തിന് താരം നന്ദി പറയുകയും ചെയ്തു.

അതേസമയം, ഈ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നിരവധി പ്രശസ്തര്‍ രംഗത്തെത്തി. മലയാളികളുടെ നിലവാരമില്ലായ്മയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നായിരുന്നു സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ വൈശാഖന്‍ അഭിപ്രായപ്പെട്ടത്.

DONT MISS
Top