കണ്ണൂരിലെ യുവാവിന്റെ ആത്മഹത്യയിലും ബ്ലൂ വെയില്‍ സാന്നിദ്ധ്യം? സംശയം പ്രകടിപ്പിച്ച് വീട്ടുകാര്‍

ആത്മഹത്യ ചെയ്ത സാവന്ത്

കണ്ണൂര്‍: കൊളശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും ബ്ലൂ വെയില്‍ ഗെയിമിന്റെ സാന്നിദ്ധ്യം സംശയിച്ച് ബന്ധുക്കള്‍. മെയ്മാസം ആത്മഹത്യ ചെയ്ത സാവന്തില്‍ അവസാന കാലത്ത് വളരെയേറെ മാറ്റം പ്രകടമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പ്രണയ നൈരാശ്യമാണ് സാവന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസ് ഭാഷ്യം.

ബ്ലൂ വെയ്ല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നുതുടങ്ങിയപ്പോഴാണ് മകന്റെ ആത്മഹത്യ ബ്ലൂ വെയില്‍ മൂലമാണോ എന്ന് അമ്മയ്ക്കും സംശയം തോന്നിയത്. അവസാന കാലത്ത് സാവന്തിന് രാത്രിയും പുലര്‍ച്ചെയും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും അമ്മ പറയുന്നു. നിരന്തരം ലാപ്‌ടോപ്പില്‍ ഗെയിം കളിക്കുമായിരുന്നു. കടല്‍ പാലത്തില്‍ ഒറ്റയ്ക്ക് പോകുന്ന ചിത്രവും ലാപ്‌ടോപ്പിലുണ്ട്. സെമിത്തേരിയിലടക്കം സാവന്ത് ഒറ്റയ്ക്ക് പോയിരുന്നു.

സാവന്തിന്റെ സുഹൃത്തുക്കളാരെങ്കിലും ഗെയിമിന് അടിമപ്പെട്ടിട്ടുണ്ടോ എന്ന് ഭയക്കുന്നതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും സാവന്തിന്റെ അമ്മ പറഞ്ഞു. എന്നാല്‍ പ്രണയ നൈരാശ്യം മൂലമാണ് സാവന്ത് തൂങ്ങിമരിച്ചതെന്നാണ് പൊലീസ് നിഗമനം. കാമുകിയെ ഭയപ്പെടുത്താനാകും കൈമുറിച്ചതുപോലുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചതെന്നും പൊലീസ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top