വിവരങ്ങള്‍ ചോര്‍ത്തല്‍: മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്

പ്രതീകാത്മക ചിത്രം

ദില്ലി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തില്‍ എട്ട് മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. ചൈനീസ് കമ്പനികള്‍ക്കും ഇന്ത്യന്‍, മറ്റ് വിദേശ കമ്പനികള്‍ക്കെല്ലാംതന്നെ നോട്ടീസ് അയച്ചിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കയാണ് നോട്ടീസിനുപിന്നില്‍.

വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നീ ചൈനീസ് കമ്പനികള്‍ക്കുള്‍പ്പെടെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊറിയന്‍ കമ്പനികളായ സാംസങ്ങ്, എല്‍ജി, ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് എന്നവയെല്ലാം കൂട്ടത്തിലുണ്ട്. മൊത്തം 21 മൊബൈല്‍ നിര്‍മാതാക്കള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോണ്‍ടാക്ട് വിവരങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയാണ് മൊബൈല്‍ നിര്‍മാതാക്കള്‍ ചോര്‍ത്തുന്നതായി സംശയം.

ഈ മാസം 28ാം തീയതിക്കുള്ളില്‍ സ്വകാര്യതയെ സംബന്ധിച്ച് ആരാഞ്ഞിരിക്കുന്ന വിവരങ്ങള്‍ കമ്പനികള്‍ നല്‍കണം. പിന്നീട് ഓഡിറ്റിംഗിനുശേഷം അടുത്ത നടപടികള്‍ ആലോചിക്കും. ചട്ടങ്ങള്‍ ലംഘിച്ചാല്‍ വന്‍ പിഴ ചുമത്താനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതാദ്യമായല്ല ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടമാക്കുന്നത്. നേരത്തെയും ചൈനയില്‍നിന്നുളള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഷവോമിക്കെതിരെ ഗുരുതരാരോപണങ്ങളും നേരത്തെ ഉയര്‍ന്നു.

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി പുനപരിശോധിക്കാന്‍ വരെ സര്‍ക്കാര്‍ തുനിഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒരു ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പുതിയ വാര്‍ത്ത ഇത്തരം ക്യാമ്പയിനുകള്‍ക്കും ഊര്‍ജ്ജം പകരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top