‘അമ്മ’യ്ക്ക് ബദല്‍ ‘ഇന്ദിര’; പ്രാതല്‍ അഞ്ച് രൂപ, ഉച്ചയൂണിനും അത്താഴത്തിനും പത്ത് രൂപ: കര്‍ണാടകയില്‍ ഇന്ദിര കാന്റീന്‍ തുടങ്ങി

ബംഗളുരു: തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകള്‍ക്ക് പകരമായി കര്‍ണാടകയില്‍ ഇന്ദിര കാന്റീനുകള്‍ തുറന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സംസ്ഥാന തലസ്ഥാനമായ ബംഗളുരുവില്‍ ഇന്ദിര കാന്റീന്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഇന്ദിര കാന്റീനിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദിര കാന്റീന്‍ എന്ന ജനപ്രിയ പദ്ധതി സിദ്ധരാമയ്യ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. സൗത്ത് ബംഗളുരുവിലെ ജയനഗറിലാണ് സംസ്ഥാനത്തെ ആദ്യ ഇന്ദിര കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.


വളരെ തുച്ഛമായ വിലയ്ക്കാണ് ഇന്ദിര കാന്റീനില്‍ ഭക്ഷണങ്ങള്‍ ലഭ്യമാകുന്നത്. വെജിറ്റേറിയന്‍ ബ്രേക്ക് ഫാസ്റ്റിന് അഞ്ച് രൂപയാണ് വില. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും പത്ത് രൂപയും.


കര്‍ണാടകയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഇനി ഇന്ദിര കാന്റീനില്‍ നിന്ന് മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കാമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴിലാണ് പാവങ്ങള്‍ക്ക് ഈ പ്രയോജനം ലഭിക്കുന്നതെന്നത് സന്തോഷം നല്‍കുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്മരണാര്‍ത്ഥമാണ് കാന്റീനുകള്‍ക്ക് അവരുടെ പേര് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്താകെ 101 ഇന്ദിര കാന്റീനുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഉദ്ഘാടന വേദിയില്‍ മുത്തശ്ശിയുടെ പേരിലുള്ള കാന്റിനെ അമ്മ കാന്റീന്‍ എന്ന് ചെറുമകന്‍ രാഹുല്‍ വിളിച്ചത് ചിരിപടര്‍ത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top