ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തില്ല: ദൂരദര്‍ശന്‍ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് യെച്ചൂരി

മാണിക് സര്‍ക്കാര്‍

ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ വിസമ്മതിച്ചതായി സിപിഐഎം ആരോപണം. മാണിക് സര്‍ക്കാരിന്റെ പ്രസംഗം ഡിഡി ത്രിപുരയാണ് പ്രക്ഷേപണം ചെയ്യാന്‍ വിസ്സമ്മതിച്ചത്.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും ഇതിനെതിരെ പോരാടുമെന്നും സിപിഐഎം പറഞ്ഞു. ഇതാണോ നരേന്ദ്രമോദി പറഞ്ഞ ഫെഡറലിസമെന്നും സിപിഐഎം ചോദിച്ചു.

അതേസമയം ദൂരദര്‍ശന്‍ എന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടേയും സ്വകാര്യ സ്വത്തല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണെന്നും യെച്ചൂരി വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ ഏകാധിപത്യ നിലപാടിനെതിരെ ത്രിപുരയിലെ ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം സംഭവത്തെ സംബന്ധിച്ച് പ്രതികരിക്കാന്‍ ദൂരദര്‍ശന്‍  ഇതുവരെയും തയ്യാറായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top