പാക് സൈറ്റുകളില്‍ റാന്‍സംവെയര്‍ അറ്റാക്ക് നടത്തി സ്വാതന്ത്ര്യ ദിനം അവിസ്മരണീയമാക്കി കേരളാ സൈബര്‍ വാരിയേഴ്‌സ്

പാകിസ്താന്‍ ഹാക്കര്‍മാര്‍ പിടിച്ചെടുത്ത വെബ്‌സൈറ്റുകള്‍ തിരിച്ചെടുത്ത് സുരക്ഷിതമാക്കുന്നതിനൊപ്പം പാക് ഗവണ്‍മെന്റ് വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടെ റാന്‍സംവെയര്‍ അറ്റാക്ക് നടത്തി ഈ സ്വാതന്ത്യ ദിനം തങ്ങള്‍ അവിസ്മരണീയമാക്കുന്നുവെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സൈബര്‍ വാരിയേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഇന്ത്യന്‍ സൈബര്‍ സ്‌പേസ് പാകിസ്താനില്‍ നിന്നും നേരിടുന്ന ഭീഷണിയെ വിലകുറച്ച് കാണുന്നില്ലെന്നും ആക്രമണങ്ങളെ ഏതു വിധേനെയും നേരിടാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്നും കേരളാ സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ബ്രിട്ടീഷുകാരന്റെ ബൂട്ടിനടിയിൽ പതിറ്റാണ്ടുകൾ അടിച്ചമർത്തപ്പെട്ടുപോയ ഇന്ത്യൻ ജനത സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാകയേന്തി ഇന്നേക്ക് എഴുപത് വർഷം പിന്നിടുകയാണ്.
ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുന്നിൽ വിരിമാറുകാട്ടി ചങ്കൂറ്റത്തോടെ പടപൊരുതി നേടിയ സ്വാതന്ത്ര്യം;
ജീവൻ വെടിഞ്ഞും പോരാട്ട വീഥിയിൽ ജ്വലിച്ചു നിന്ന അനശ്വര രക്തസാക്ഷികൾ സമ്മാനിച്ച സ്വാതന്ത്ര്യം;
ജാതി,മത ചിന്തകൾക്കപ്പുറം പിറന്ന നാടിന്റെ മോചനത്തിനായി പട നയിച്ച ധീര ദേശാഭിമാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം;
സിരകളിലൊഴുകുന്ന ഓരോ തുള്ളി രക്തത്തിലും ദേശസ്നേഹത്തിന്റെ കനൽ കാത്തുവെക്കുന്നവരാണ് നമ്മൾ ഭാരതീയര്‍;
അതിർത്തിക്കപ്പുറം ജിഹാദിഗ്രൂപ്പുകളുമായി ചേർന്ന് ഇന്ത്യാ മഹാരാജ്യത്തെ തകർക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ. ഇത്തരം ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി രാജ്യത്തിന്‌ കാവൽനിൽക്കുന്ന ധീര ജവാന്മാരെ നമുക്ക് ഈ അവസരത്തിൽ സ്മരിക്കാം..
പൂർണ്ണമായും കറൻസി രഹിത സമ്പത് വ്യവസ്ഥയിലേക്ക് മാറാനൊരുങ്ങുന്ന നമ്മുടെ രാജ്യത്തെ ഇന്റർനെറ്റ്‌ സംവിധാനങ്ങളുടെ വ്യാപനവും സുരക്ഷയും ഇന്നും ശൈശവാവസ്ഥയിലാണ്, ഇന്റർനെറ്റ്‌ സുരക്ഷയുടെ വേൾഡ് റാങ്കിങ്ങിൽ ഇരുപത്തിമൂന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള സൈബർ യുദ്ധങ്ങൾ നേരിടാൻ ശക്തികൈവരിക്കേണ്ടതുണ്ട്..
നിലവിൽ ഇന്ത്യൻ സൈബർ സ്പേസ് പാകിസ്ഥാനിൽ നിന്നും നേരിടുന്ന ഭീഷണിയെ ഞങ്ങൾ വിലകുറച്ച് കാണുന്നില്ല, നിരവധി വെബ്സൈറ്റുകളാണ് ദിനംപ്രതി പാക്‌ ഹാക്കേഴ്‌സ് നശിപ്പിക്കുന്നത്, ഇത്തരം ആക്രമണങ്ങളെ ഏതു വിധേനയും നേരിടാൻ ഞങ്ങൾ സദാ സന്നദ്ധരാണ്, പാകിസ്ഥാൻ ഹാക്കർസ് പിടിച്ചെടുത്ത വെബ്സൈറ്റുകൾ തിരിച്ചെടുത്ത് സുരക്ഷിതമാക്കുന്നതോടൊപ്പം പാക് ഗവണ്മെന്റ് വെബ്സൈറ്റുകൾ ഉൾപ്പെടെ ( *ഓളം ) സൈറ്റുകളിൽ റാൻസോംവെയർ അറ്റാക്ക്‌ അടക്കം നടത്തി ഈ സ്വാതന്ത്ര്യ ദിനം ഞങ്ങൾ അവിസ്മരണീയമാക്കുകയാണ്..
ഇന്ത്യൻ സൈബർ സ്പേസിലേക്ക് നുഴഞ്ഞു കയറുന്നവർ ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നാവും! ഒന്നിനു പത്തായി, പത്തിന് നൂറായി തിരിച്ചടിച്ചിരിക്കും, അതാണ്‌ ശീലം
ഇതൊരു മുന്നറിയിപ്പുമാത്രം;
ഒരിക്കൽ കൂടി ഏവർക്കും കേരളാ സൈബർ വാരിയേഴ്സിന്റെ ഹൃദ്യമായ സ്വാതന്ത്ര്യ ദിനാശംസകൾ..

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top