ബ്ലൂവെയില്‍ ഗെയിമിന് നിരോധനം: ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഫയല്‍ചിത്രം

ദില്ലി: കൊലയാളി ഗെയിം എന്ന പേരില്‍ വ്യാപകമായി പ്രചരിച്ച ബ്ലൂവെയില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്,വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  ഗെയിമിന്റെ അതേ പേരിലോ, സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്ത സംഭവങ്ങളും, ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം 100 ഓളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2000 ത്തിലധികം  ആളുകള്‍ ഗെയിം  ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരങ്ങള്‍. അടുത്ത കാലത്തായിട്ടാണ് കൊലയാളി ഗെയിം ഇന്ത്യയിലുമെത്തിയത്. ഗെയിമിന് അടിമപ്പെട്ട് കഴിഞ്ഞമാസം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുംബൈയിലെ അന്തേരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെ ഇന്‍ഡോറില്‍ ജീവനൊടുക്കാന്‍ 13 വയസുകാരി ശ്രമിച്ചിരുന്നു.

റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ എന്ന 22 വയസ്സുകാരനാണ് കളിയ്ക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കൊലയാളി ഗെയിമിന് പിന്നിലുള്ളത്. 2013ലാണ് ബ്ലൂവെയില്‍ ഗെയിം ബുഡികിന്‍ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരും, സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരപ്രായക്കാരെയാണ് ഇയാള്‍ ഗെയിമിന്റെ വലയില്‍ കുരുക്കിയിരുന്നത്.

DONT MISS
Top